കാൽഗറി സന്ദർശിക്കാനെത്തിയ  ഇന്ത്യക്കാരിയെ കബളിപ്പിച്ച് സ്വർണ്ണമാല കവർന്നു

By: 600110 On: Jun 26, 2026, 1:16 PM

 
കാൽഗറി സന്ദർശിക്കാനെത്തിയ  ഇന്ത്യക്കാരിയെ കബളിപ്പിച്ച് സ്വർണ്ണമാല കവർന്നു. ഇന്ത്യയിൽ നിന്നും മകനെ സന്ദർശക്കാൻ എത്തിയ അൽക്ക ലാൽ എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്. ശനിയാഴ്ച രാവിലെ വീടിൻ്റെ മുൻവശത്തെ പടികളിൽ ഇരിക്കുമ്പോൾ മൂന്ന് പേരുള്ള ഒരു വെള്ള കാർ അവരുടെ അരികിലേക്ക് വരികയായിരുന്നു.  കാറിലുണ്ടായിരുന്ന ഒരു സ്ത്രീ അൽക്കയുടെ മാതൃഭാഷയിൽ സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.

തുടർന്ന് കൈകളിലും വളകളിലും തൊട്ട് ശ്രദ്ധ തിരിക്കുകയും,  കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല കവർന്ന് കാറോടിച്ച് രക്ഷപ്പെടുകയുമായിരുന്നു. മാല നഷ്ടപ്പെട്ട വിവരം അവർ അറിഞ്ഞതേയില്ല. പ്രായമായവരെ ലക്ഷ്യമിട്ട് സമാനമായ രീതിയിൽ പലയിടത്തും മോഷണം നടക്കുന്നുണ്ടെന്ന് കാൽഗറി പോലീസ് മുന്നറിയിപ്പ് നല്കി. അമിതമായ സൗഹൃദം നടിച്ച്, പെട്ടെന്നുള്ള നീക്കങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ മാറ്റിയാണ് ഇവർ ആഭരണങ്ങൾ കവരുന്നത്.

അപരിചിതരായ ആളുകൾ അനാവശ്യമായി അരികിലേക്ക് വരുമ്പോൾ കൃത്യമായ അകലം പാലിക്കാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശാരീരികമായി അക്രമിക്കപ്പെട്ടില്ലെങ്കിലും ഈ സംഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്നും, ഇനി ജാഗ്രത പാലിക്കുമെന്നും അൽക്ക ലാൽ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.