കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ മാത്രമാണ് ഇപ്പോൾ ജയിലിലുള്ളത്, ബാക്കി 15 പേർക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായവരിൽ ആരും തന്നെ കാനഡയിലെ പൗരന്മാരല്ല. സ്റ്റുഡൻ്റ് വിസയിലോ വർക്ക് വിസയിലോ രാജ്യത്ത് എത്തിയവരാണ് ഇവർ. പ്രതികൾക്കെതിരെ ആകെ 56 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് ഇവരിൽ 15 പേരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തി. പ്രതികൾ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇവരെ എവിടെയെങ്കിലും കണ്ടവരോ, ഇവരുടെ കൂട്ടാളികളെക്കുറിച്ചോ ജോലിയെക്കുറിച്ചോ വിവരമുള്ളവരോ ഉണ്ടെങ്കിൽ പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിലെ വാൻകൂവർ, ടൊറൻ്റോ തുടങ്ങിയ നഗരങ്ങൾക്ക് പിന്നാലെയാണ് കാൽഗറിയിലും ദക്ഷിണേഷ്യൻ സമൂഹത്തിന് നേരെ ഇത്തരം അക്രമങ്ങൾ വർദ്ധിച്ചത്. കുറ്റവാളി സംഘങ്ങൾ ആളുകളെ വിരട്ടി പണം തട്ടാനായി അവരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ വെടിവെക്കുകയാണ് പതിവ്.
കഴിഞ്ഞൊരു വർഷത്തിനിടെ ഇത്തരം 19 വെടിവെപ്പുകളാണ് കാൽഗറിയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒൻപതെണ്ണം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നടന്നത്. അക്രമങ്ങൾ തടയാൻ കാൽഗറി പോലീസ് 'ഓറിയോൺ' , 'ഔട്ടേജ്' (എന്നീ പേരിൽ രണ്ട് പ്രത്യേക അന്വേഷണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ദക്ഷിണേഷ്യൻ മേഖലകളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുകയുമാണ് ലക്ഷ്യം. പോലീസിൻ്റെ കർശന നടപടികൾ കാരണം കഴിഞ്ഞ 100 ദിവസങ്ങളിൽ വെടിവെപ്പുകൾ വെറും രണ്ടായി കുറയ്ക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഇത്തരം കേസുകളിൽ ഉൾപ്പെട്ട 18 പേരെ കാനഡയിൽ നിന്നും ഇതിനകം നാടുകടത്തിയിട്ടുമുണ്ട്.