കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർദ്ധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ പഠനം

By: 600110 On: Jun 26, 2026, 1:04 PM

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർദ്ധിക്കുന്നതായും, രാജ്യം ഒരു 'നോളജ് എക്കോണമിയിൽ നിന്ന് വിസ്ഡം എക്കോണമിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും   സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ പഠനം.  കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 37.5-ൽ നിന്ന് 41.7 ആയി ഉയർന്നു. 55 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ചരിത്രത്തിലാദ്യമായി കാനഡയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളേക്കാൾ കൂടുതൽ 65 വയസ്സിന് മുകളിലുള്ള മുതിർന്ന ആളുകളുണ്ട്.

കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഉത്പാദന മേഖലയിലാണ് പ്രായമായ തൊഴിലാളികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. സാങ്കേതികവിദ്യയുടെ വളർച്ച കാരണം ശാരീരിക അധ്വാനം കുറഞ്ഞതാണ് ഇതിന് കാരണം. കാനഡയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് (ഒരു സ്ത്രീക്ക് 1.25 കുട്ടികൾ എന്ന നിരക്കിൽ). കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിനാൽ 20-നും 49-നും ഇടയിൽ പ്രായമുള്ള പകുതിയോളം സ്ത്രീകൾക്കും കുട്ടികളില്ല.

കുട്ടികളെ വളർത്താനുള്ള ഉയർന്ന ചെലവ് കാരണം 35 ശതമാനത്തോളം ദമ്പതികൾക്ക് തങ്ങളുടെ റിട്ടയർമെൻ്റ് സമ്പാദ്യം കുറയ്ക്കേണ്ടി വരുന്നു. ഇത് പ്രായമായാലും ജോലി തുടരാൻ ആളുകളെ നിർബന്ധിതരാക്കുന്നുണ്ട്. കാനഡയിലെ ജനസംഖ്യയിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് പരിഹരിക്കാൻ വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്.

ഇന്നത്തെ കാലത്ത് വിവരങ്ങളും അറിവുകളും ഇൻ്റർനെറ്റിലൂടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെയും എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ, പ്രതിസന്ധികളെ വിവേകത്തോടെ നേരിടാനും, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുമുള്ള പരിചയസമ്പന്നരുടെ കഴിവിനാണ് ഇപ്പോൾ കമ്പനികൾ മുൻഗണന നൽകുന്നത്. മുതിർന്ന ജീവനക്കാരുടെ വർഷങ്ങളായുള്ള പ്രവൃത്തിപരിചയവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും പെട്ടെന്ന് പകരം വെക്കാനാകാത്ത ഒന്നായതുകൊണ്ട് തന്നെ കമ്പനികൾ അവരെ ജോലിയിൽ നിലനിർത്താൻ താലപര്യപ്പെടുന്നു. ഇത് കാനഡയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ദൃശ്യമാകുന്ന ഒരു മാറ്റമാണ്.