പി പി ചെറിയാന്‍
ഡാലസ്: നഗരത്തെ നടുക്കിയ രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളിലായി മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ രണ്ട് കൗമാരക്കാരെ യുഎസ് മാര്‍ഷലുകള്‍ അറസ്റ്റ് ചെയ്തു. ഇര്‍വിങ് എസ്ട്രാഡ (17) എന്ന പതിനേഴുകാരനാണ് രണ്ട് കൊലപാതകക്കേസുകളിലും പ്രധാന പ്രതി. ഇയാള്‍ക്കൊപ്പം ലാറ്റാവിയന്‍ ക്ലാര്‍ക്ക് (18) എന്ന യുവാവും പിടിയിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന 'ക്യാപിറ്റല്‍ മര്‍ഡര്‍' കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 15-ന് ഔഡെലിയ റോഡിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ മാര്‍ഡ്രിയസ് വാര്‍ഡ് (21), ഈഥന്‍ ഡിലാര്‍ഡ് (20) എന്നിവരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇരുവരും ആദ്യം അറസ്റ്റിലാകുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍, ജൂണ്‍ 16-ന് വാല്‍നട്ട് സ്ട്രീറ്റില്‍ റോണിക്ക ഡാവന്‍പോര്‍ട്ട് (35) എന്ന സ്ത്രീ വെടിയേറ്റു മരിച്ച കേസിലും ഇര്‍വിങ് എസ്ട്രാഡയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡാലസ് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ട് പ്രതികളും നിലവില്‍ ഡാലസ് കൗണ്ടി ജയിലിലാണ്. ഈ ക്രൂരകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ 214-662-4552 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡാലസ് പോലീസ് അഭ്യര്‍ത്ഥിച്ചു.