അറുപതിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ബ്രിട്ടീഷ് കൊളംബിയയിലെ കടുത്ത ഉഷ്ണതരംഗത്തിന് അഞ്ച് വർഷം തികയുന്നു

By: 600110 On: Jun 26, 2026, 12:58 PM

 

ബ്രിട്ടീഷ് കൊളംബിയയിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ കടുത്ത ഉഷ്ണതരംഗത്തിന് അഞ്ച് വർഷം തികയുകയാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമായിരുന്നു അത്. ന്യൂ വെസ്റ്റ്മിൻസ്റ്റർ  നഗരത്തിൽ മാത്രം 33 പേരാണ് മരിച്ചത്.  മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരും ഒറ്റയ്ക്ക് താമസിച്ചിരുന്നവരുമായിരുന്നു. പകൽ സമയത്തെ ചൂടിനേക്കാൾ, രാത്രിയിൽ താപനില കുറയാത്തതായിരുന്നു ഏറ്റവും വലിയ തിരിച്ചടിയായത്. ഫ്ലാറ്റുകൾക്കുള്ളിൽ വായുസഞ്ചാരം ഇല്ലാതിരുന്നതിനാൽ പലരും ഉറക്കത്തിലാണ് മരണപ്പെട്ടത്.

ഇത്തരം സാഹചര്യങ്ങൾ നേരിടാൻ നഗരസഭ ഇപ്പോൾ രക്ഷാപ്രവർത്തകർക്ക് പ്രത്യേക പരിശീലനവും കിറ്റുകളും നൽകുന്നുണ്ട്. പഴയ കെട്ടിടങ്ങളിൽ കൂടുതൽ വായുസഞ്ചാരവും തണുപ്പും ഉറപ്പാക്കാനായി പുതിയ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നിലവിലുള്ള ചൂട് പ്രതിരോധ നിയമങ്ങളിൽ വ്യക്തതയില്ലെന്നാണ് വിക്ടോറിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.  ചൂട് ഒരു പ്രത്യേക പരിധി കഴിഞ്ഞാൽ തൊഴിലാളികൾക്ക് തണൽ, കുടിവെള്ളം, ശമ്പളത്തോടുകൂടിയ വിശ്രമവേളകൾ, ശൗചാലയ സൗകര്യങ്ങൾ എന്നിവ നിർബന്ധമാക്കണം.

തുച്ഛമായ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യുന്ന കാർഷിക തൊഴിലാളികളാണ് ഇതിൻ്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം പലരും പരാതിപ്പെടാൻ മടിക്കുകയാണ്. തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങൾ എത്രയും വേഗം പരിഷ്കരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു.