ട്രംപിന്റെ കടുത്ത ശാസന; ഇറാന്‍ യുദ്ധ പ്രമേയത്തിലെ നിലപാട് തിരുത്തി യുഎസ് സെനറ്റ് റിപ്പബ്ലിക്കന്മാര്‍

By: 600002 On: Jun 26, 2026, 12:48 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കടുത്ത ഇടപെടലിനെത്തുടര്‍ന്ന്, തങ്ങളുടെ മുന്‍ നിലപാട് തിരുത്തി സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍. ട്രംപിന്റെ ഇറാന്‍ യുദ്ധ നയങ്ങളെയും സൈനിക അധികാരങ്ങളെയും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന യുദ്ധാധികാര പ്രമേയം ബുധനാഴ്ച രാത്രി വൈകി നടന്ന വോട്ടെടുപ്പില്‍ സെനറ്റ് തള്ളി. 47-നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.

തൊട്ടുമുന്‍പത്തെ ദിവസം സമാനമായ മറ്റൊരു പ്രമേയം റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയോടെ സെനറ്റ് പാസാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ട്രംപ് കാപിറ്റോളില്‍ നേരിട്ടെത്തി പാര്‍ട്ടി യോഗത്തില്‍ സെനറ്റര്‍മാരെ രൂക്ഷമായ ഭാഷയില്‍ ശാസിച്ചതാണ് മണിക്കൂറുകള്‍ക്കകം നാടകീയമായ നിലപാട് മാറ്റത്തിന് കാരണമായത്. യുദ്ധത്തെ പിന്തുണയ്ക്കാത്തവരെ 'പരാജയപ്പെട്ടവര്‍' (losers) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

മീറ്റിംഗില്‍ ട്രംപുമായി ശക്തമായ വാദപ്രതിവാദത്തിലേര്‍പ്പെട്ട ലൂസിയാന സെനറ്റര്‍ ബില്‍ കാസിഡിക്ക്, പിന്നീട് വൈറ്റ് ഹൗസ് പ്രത്യേക യുദ്ധവിവരണം നല്‍കിയതോടെ അദ്ദേഹം പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വട്ടത്തെ വോട്ടെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്ന കെന്റക്കി സെനറ്റര്‍ റാന്‍ഡ് പോള്‍ ഇത്തവണ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. നിലപാട് മാറ്റത്തിലൂടെ സെനറ്റ് റിപ്പബ്ലിക്കന്മാര്‍ ട്രംപിന് വഴങ്ങിയതോടെ, വോട്ടെടുപ്പ് ഫലത്തില്‍ ട്രംപ് പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തി.