വിവാഹരാത്രിയില്‍ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

By: 600002 On: Jun 26, 2026, 11:46 AM



പി പി ചെറിയാന്‍

ഷിക്കാഗോ: വിവാഹരാത്രിയില്‍ നവദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട വധുവിന്റെ കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. 2012-ല്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ അര്‍ണോള്‍ഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റര്‍പോളിന്റെയും മെക്‌സിക്കന്‍ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസില്‍ എത്തിച്ചത്.

2012 മേയ് 11-നായിരുന്നു അര്‍ണോള്‍ഡോ ജിമെനെസും എസ്‌ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സല്‍ക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍, ഇല്ലിയിനോസിലെ ബര്‍ബങ്കിലുള്ള അപ്പാര്‍ട്ട്മെന്റിലെ ബാത്ത് ടബ്ബില്‍ കരേരയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷന്‍ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

യുവതിയെ കാറിനുള്ളില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്‌സിക്കോയിലേക്ക് കടന്ന ജിമെനെസിനെ 2025 ജനുവരിയിലാണ് മെക്‌സിക്കന്‍ അധികൃതര്‍ പിടികൂടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ ഷിക്കാഗോയില്‍ എത്തിച്ചു. കുക്ക് കൗണ്ടി കോടതിയില്‍ ഹാജരാക്കുന്ന പ്രതിക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.