ലൈംഗികാവശ്യത്തിനെത്തിയവര്‍ക്ക് മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍

By: 600002 On: Jun 26, 2026, 11:39 AM

 

 

പി പി ചെറിയാന്‍

ലണ്ടന്‍: ലൈംഗികാവശ്യങ്ങള്‍ക്കായി എത്തുന്ന പുരുഷന്മാരെ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി പണം കവര്‍ന്ന കേസില്‍ ദമ്പതികള്‍ യുകെയില്‍ പിടിയിലായി. ഗാരി മൗവറ്റ് (37), മാല്‍ക്കം കിംഗ് (80) എന്നിവരെ കൊലപ്പെടുത്തിയതായും മറ്റ് രണ്ടുപേരെ വിഷം ഉള്ളില്‍ച്ചെന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചതായും പ്രതികളായ മദാലിന്‍ ഡുമിട്രൂ (30), അദിന മിഹായ് (31) എന്നിവര്‍ ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ 2024 ഓഗസ്റ്റിനും 2025 ജൂലൈയ്ക്കും ഇടയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്‍കൂര്‍ പണം വാങ്ങിയ ശേഷം മിഹായ് ഇവരുടെ വീടുകളിലെത്തുകയും, തുടര്‍ന്ന് പാനീയങ്ങളില്‍ 'ജി.ബി.എല്‍' (GBL) എന്ന മയക്കുമരുന്ന് രഹസ്യമായി കലര്‍ത്തി നല്‍കി ബോധംകെടുത്തി മോഷണം നടത്തുകയുമായിരുന്നു പതിവ്. അമിത അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നാണ് രണ്ടുപേര്‍ മരണപ്പെട്ടത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.