പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: വിദേശയാത്ര കഴിഞ്ഞ് തിരികെ അമേരിക്കയിലേക്ക് എത്തുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ പ്രതിസന്ധി. ക്രിമിനല്‍ കുറ്റാരോപണങ്ങളില്‍ കോടതി അന്തിമ വിധി പ്രസ്താവിച്ചിട്ടില്ലെങ്കില്‍ പോലും, ഇങ്ങനെയുള്ളവര്‍ക്ക് സാധാരണ രീതിയിലുള്ള പ്രവേശനം നിഷേധിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു. 6-3 ഭൂരിപക്ഷത്തിലാണ് കോടതി ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
2012-ല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് അറസ്റ്റിലായ മക് ചോയ് ലൗ എന്ന ചൈനീസ് സ്വദേശിയുടെ കേസിലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. കേസ് നിലനില്‍ക്കെ ഇയാള്‍ വിദേശത്തുപോയി തിരിച്ചെത്തിയപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഈ നടപടിയെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
ഈ വിധി സര്‍ക്കാരിന് ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ മേല്‍ അമിത അധികാരം നല്‍കുമെന്നും, ഇമിഗ്രേഷന്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ ഇത് കാരണമാകുമെന്നും വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് കെതാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ മുന്നറിയിപ്പ് നല്‍കി.