കാനഡയിലെ ആശുപത്രികളിലെ എമർജൻസി റൂമുകളിൽ രോഗികൾ നേരിടുന്ന ദീർഘനേരത്തെ കാത്തിരിപ്പ്, രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യപ്രതിസന്ധിയുടെ ലക്ഷണമാണെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. 'കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ' (CIHI) പുറത്തുവിട്ട 2024-2025 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം, എമർജൻസി വിഭാഗത്തിൽ എത്തുന്ന പത്തിൽ ഒരാൾ വീതം ചികിത്സയ്ക്കായി 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇതിലും ഗുരുതരമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടാൻ കിടക്കകൾക്കായി രോഗികൾ കാത്തിരിക്കേണ്ടി വരുന്ന സമയം.
എമർജൻസി റൂമുകളിൽ നിന്ന് വാർഡുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കപ്പെടുന്ന രോഗികളിൽ പത്തിൽ ഒരാൾ വീതം 48 മണിക്കൂറിലധികം എമർജൻസി വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2018-2019 വർഷങ്ങളിൽ ഇത് 36 മണിക്കൂറായിരുന്നു എന്നതിൽ നിന്ന് പ്രതിസന്ധി വർഷം തോറും വഷളാകുകയാണെന്ന് വ്യക്തമാണ്.
എമർജൻസി വിഭാഗങ്ങളിൽ ഉണ്ടാകുന്ന ഈ തിരക്കിനും തടസ്സങ്ങൾക്കും കാരണം എമർജൻസി റൂമുകളിലെ പോരായ്മകളല്ല, മറിച്ച് ആരോഗ്യരംഗത്തെ മറ്റ് അനുബന്ധ സംവിധാനങ്ങളുടെ അഭാവമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ലോംഗ് ടേം കെയർ, പുനരധിവാസ കേന്ദ്രങ്ങൾ, ഹോം കെയർ പ്രോഗ്രാമുകൾ എന്നിവയുടെ കുറവ് മൂലം, തീവ്രപരിചരണം ആവശ്യമില്ലാത്ത പ്രായമായ രോഗികളെപ്പോലും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇത്തരത്തിൽ രോഗികൾ കിടക്കകൾ ദീർഘനാൾ ഉപയോഗിക്കുന്നത് കാരണം എമർജൻസി വിഭാഗത്തിൽ നിന്നുള്ള പുതിയ രോഗികളെ പ്രവേശിപ്പിക്കാൻ ബെഡുകൾ ഇല്ലാതെ വരികയും ഇത് വലിയൊരു തടസ്സമായി മാറുകയും ചെയ്യുന്നു. കൂടാതെ, അഞ്ചിൽ ഒന്ന് എന്ന തോതിൽ കനേഡിയൻ പൗരന്മാർക്ക് സ്ഥിരമായി ഒരു കുടുംബ ഡോക്ടർ ഇല്ലാത്തതും, ചെറിയ രോഗങ്ങൾക്ക് പോലും ആളുകൾ എമർജൻസി വിഭാഗത്തെ ആശ്രയിക്കാൻ ഇടയാക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.