കാനഡയിൽ  44 ശതമാനം ശതകോടീശ്വരന്മാരും ഒൻ്റാരിയോയിലെന്ന് റിപ്പോർട്ട്

By: 600110 On: Jun 26, 2026, 10:53 AM

 

കാനഡയിലെ ശതകോടീശ്വര കുടുംബങ്ങളിൽ ഭൂരിഭാഗവും ഒൻ്റാരിയോയിൽ  എന്ന് വ്യക്തമാക്കുന്ന സാമ്പത്തിക ഗവേഷണ റിപ്പോർട്ട് പുറത്ത്. 'കനേഡിയൻസ് ഫോർ ടാക്സ് ഫെയർനസ്' എന്ന ഗവേഷണ സംഘടന പുറത്തുവിട്ട ‘ഷോ മീ ദ മണി’ എന്ന പുതിയ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ആകെ 86 ശതകോടീശ്വര കുടുംബങ്ങളിൽ 38 എണ്ണവും  ഒൻ്റാരിയോയിലാണ്. പ്രവിശ്യയിലെ അതിസമ്പന്നരായ കുടുംബങ്ങളുടെ ശരാശരി ആസ്തി 546 മില്യൺ  ഡോളറാണ്. കാനഡയിലെ പ്രവിശ്യകളിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. കാനഡയിലാകെ 10 കോടി ഡോളറിലധികം ആസ്തിയുള്ള 3,380 കുടുംബങ്ങളുള്ളതിൽ 1,570 കുടുംബങ്ങളും ഒൻ്റാരിയോയിലാണ് ജീവിക്കുന്നത്. 

പ്രവിശ്യയിലെ സാമ്പത്തിക മേഖലയിൽ നിലനിൽക്കുന്ന അസമത്വത്തിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നുണ്ട്. ഒൻ്റാരിയോയിൽ അതിസമ്പന്നരുടെ എണ്ണം വർദ്ധിക്കുമ്പോഴും, മറുഭാഗത്ത് പ്രവിശ്യയിലെ 19 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. സമ്പത്ത് ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നത് കേവലം ആഡംബര ജീവിതത്തിനുള്ള അവസരമെന്നതിനപ്പുറം, രാഷ്ട്രീയ ഭരണസംവിധാനങ്ങളിലും നയരൂപീകരണങ്ങളിലും അതിസമ്പന്നർക്ക് അമിതമായ സ്വാധീനം ചെലുത്താനും ജനാധിപത്യ പ്രക്രിയകളെ തകർക്കാനും കാരണമാകുമെന്ന് ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒൻ്റാരിയോയിൽ സമ്പത്തിൻ്റെ ധ്രുവീകരണം മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് അതിവേഗത്തിലാണ് മുന്നേറുന്നത്. ഈ പശ്ചാത്തലത്തിൽ, വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയും അസമത്വവും പരിഹരിക്കുന്നതിനായി പ്രവിശ്യാതലത്തിൽ പ്രത്യേക വെൽത്ത് ടാക്സ് ചുമത്തണമെന്ന് റിപ്പോർട്ട്  ശുപാർശ ചെയ്യുന്നു. ഒരു കോടി കനേഡിയൻ ഡോളറിന് മുകളിൽ ആസ്തിയുള്ളവർക്ക് ഒരു ശതമാനവും, 5 കോടി ഡോളറിന് മുകളിലുള്ളവർക്ക് രണ്ട് ശതമാനവും എന്ന നിരക്കിൽ നികുതി ഏർപ്പെടുത്താനാണ് നിർദ്ദേശം.

ഒൻ്റാരിയോയിൽ ഇത്തരമൊരു നികുതി വ്യവസ്ഥ നടപ്പിലാക്കുകയാണെങ്കിൽ പ്രവിശ്യാ സർക്കാരിന് പ്രതിവർഷം 1,800 കോടി ഡോളറിൻ്റെ  അധിക വരുമാനം ലഭിക്കുമെന്നും, ഈ തുക ഭവനക്ഷാമം പരിഹരിക്കുന്നതിനും പൊതുജനക്ഷേമ പ്രവർത്തനങ്ങൾക്കും ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.