പി പി ചെറിയാന്‍
ടെക്‌സാസ്: ക്രിസ്ത്യന്‍ മതവിശ്വാസത്തിന് വിരുദ്ധമായതിനാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ടെക്‌സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തില്‍ വന്‍ വിജയം. ജഡ്ജി ഡയാന്‍ ഹെന്‍സ്ലിക്കാണ് ടെക്‌സസിലെ ജില്ലാ കോടതി 6,40,000 ഡോളര്‍ (ഏകദേശം 5.3 കോടി രൂപ) നഷ്ടപരിഹാരവും കോടതിച്ചെലവും അനുവദിച്ചത്.
മതവിശ്വാസത്തിന്റെ പേരില്‍ സമലൈംഗിക വിവാഹങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറിനില്‍ക്കുന്ന ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനോ അച്ചടക്ക നടപടിയെടുക്കുന്നതിനോ ടെക്‌സസ് സ്റ്റേറ്റ് കമ്മീഷന് കോടതി സ്ഥിരമായ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
2023-ല്‍ തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി സ്വവര്‍ഗ വിവാഹം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ജഡ്ജി ഡയാന്‍ ഹെന്‍സ്ലിക്ക്, പകരം അതേ തുകയ്ക്ക് വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറുള്ള മറ്റ് ഓഫീസര്‍മാരുടെ ലിസ്റ്റ് അപേക്ഷകര്‍ക്ക് നല്‍കിയിരുന്നു.
പൊതുജനങ്ങളില്‍ നിന്ന് ആര്‍ക്കും പരാതി ഇല്ലായിരുന്നിട്ടും, ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സ്റ്റേറ്റ് കമ്മീഷന്‍ ഇവര്‍ക്ക് പരസ്യ താക്കീത് നല്‍കി. ഇതിനെതിരെയാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന സംസ്ഥാന നിയമപ്രകാരം (TRFRA) ഡയാന്‍ കോടതിയെ സമീപിച്ചത്.
ധാര്‍മ്മികമോ മതപരമോ ആയ കാരണങ്ങളാല്‍ സ്വവര്‍ഗ വിവാഹം നടത്താന്‍ വിസമ്മതിക്കുന്ന ജഡ്ജിമാരെ ശിക്ഷിക്കാന്‍ കമ്മീഷന് നിയമപരമായി അധികാരമില്ലെന്ന് ടെക്‌സസ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ജില്ലാ കോടതിയുടെ അനുകൂല വിധി വന്നിരിക്കുന്നത്.
സമാനമായ രീതിയില്‍ കമ്മീഷന്റെ നടപടി ഭയന്ന് വിവാഹങ്ങള്‍ നടത്തുന്നത് പൂര്‍ണ്ണമായി നിര്‍ത്തേണ്ടി വന്ന മറ്റ് ജഡ്ജിമാര്‍ക്കായി ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും നിലവില്‍ കോടതിയുടെ പരിഗണനയിലുണ്ട്.