വെനസ്വേല, ജപ്പാൻ, ഫിലിപ്പീൻസ്, കാലിഫോർണിയ എന്നിവയുൾപ്പെടെയുള്ള പസഫിക് റിംഗ് ഓഫ് ഫയർ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങൾ ബ്രിട്ടീഷ് കൊളംബിയക്കും മുന്നറിയിപ്പാകുന്നതായി ഭൗമശാസ്ത്രജ്ഞർ. വെനസ്വേലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ രണ്ട് ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 160-ലധികം പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലയായ റിംഗ് ഓഫ് ഫയറിൽ ഒരേ ദിവസം ഇത്രയധികം ചലനങ്ങൾ ഉണ്ടായത് യാദൃശ്ചികമാണ്. എങ്കിലും ബി.സി പ്രവിശ്യയും ഇതേ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ പ്രതിവർഷം രണ്ടായിരത്തോളം ചെറിയ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവ സാധാരണയായി ജനങ്ങൾ അറിയാറില്ലെന്ന് നാച്ചുറൽ റിസോഴ്സസ് കാനഡയിലെ സീസ്മോളജിസ്റ്റുകൾ പറയുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെ നേരിടാൻ അടിയന്തര രക്ഷാസാമഗ്രികൾ കരുതിവെക്കാനുള്ള ശരിയായ സമയമാണിതെന്നും അവർ വ്യക്തമാക്കി.
അതേസമയം, പ്രവിശ്യയിൽ നിലവിൽ സജ്ജമാക്കിയിട്ടുള്ള ഏർത്ത്ക്വയ്ക്ക് ഏർലി വാർണിംഗ് സിസ്‌റ്റം ജനങ്ങൾക്ക് നിർണായക നിമിഷങ്ങളിൽ തുണയാകുമെന്ന് ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിച്ചു. ദുരന്തം വിതയ്ക്കുന്ന ചലനങ്ങൾ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് മൊബൈൽ ഫോണുകളിലും റേഡിയോ, ടെലിവിഷൻ ചാനലുകളിലും അടിയന്തര സന്ദേശങ്ങൾ എത്തുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.