ഡോളറിൻ്റെ കുതിപ്പിലും ആഭ്യന്തര മാന്ദ്യത്തിലും ഉലഞ്ഞ് കനേഡിയൻ കറൻസി; 'ലൂണി' 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

By: 600110 On: Jun 26, 2026, 9:07 AM

ഡോളറിൻ്റെ കുതിപ്പിനെയും ആഭ്യന്തര മാന്ദ്യത്തെയും തുടർന്ന് കനേഡിയൻ കറൻസിയായ ലൂണി കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായ ഇടിവ് നേരിടുന്ന കനേഡിയൻ ഡോളറിൻ്റെ മൂല്യം നിലവിൽ 70 യു.എസ് സെൻ്റ് എന്ന നിരക്കിലേക്ക് താഴ്ന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൻ്റെ തുടക്കത്തിൽ 74 യു.എസ് സെൻ്റിൽ വ്യാപാരം നടന്നിരുന്ന സ്ഥാനത്തു നിന്നാണ് ഈ വൻ ഇടിവ്. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

യു.എസ് ഡോളറിനായുള്ള ആഗോള ആവശ്യം വർദ്ധിച്ചതും കനേഡിയൽ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവുമാണ് കറൻസിയെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ​അമേരിക്കയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  മേഖലയിലുണ്ടായ വൻ മുന്നേറ്റവും അവിടുത്തെ കമ്പനികൾ കൈവരിക്കുന്ന ഉയർന്ന ലാഭവുമാണ് കറൻസി വിപണിയിൽ യു.എസ് ഡോളറിന് കരുത്താകുന്നത്.  യു.എസ് സമ്പദ്‌വ്യവസ്ഥയുടെ ഈ അസാധാരണ വളർച്ച ആഗോള നിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശനിരക്കിലെ വലിയ വ്യത്യാസം കാനഡയിൽ നിന്നുള്ള നിക്ഷേപം വൻതോതിൽ അമേരിക്കയിലേക്ക് ഒഴുകാൻ കാരണമാകുകയും ഇത് ലൂണിയുടെ മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. ​അതേസമയം, നിലവിലെ ഈ തിരിച്ചടി താൽക്കാലികം മാത്രമാണെന്നും ഈ വർഷാവസാനത്തോടെ കനേഡിയൻ ഡോളർ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുമാണ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവചനം.

ഈ വർഷം അവസാനത്തോടെ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കാനും ബാങ്ക് ഓഫ് കാനഡ നിരക്കുകൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് സ്കോട്ടിയാബാങ്കിലെ ചീഫ് കറൻസി സ്ട്രാറ്റജിസ്റ്റ് ഷോൺ ഓസ്ബോൺ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പലിശ വ്യത്യാസം കുറയുന്നതോടെ വർഷാവസാനത്തോടെ കനേഡിയൻ ഡോളറിൻ്റെ മൂല്യം 75 യു.എസ് സെൻ്റ് വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാനമായി, കാനഡയിലെ പുതിയ വ്യാപാര കരാറുകളിൽ വ്യക്തത വരുന്നതോടെ കറൻസി 73 സെൻ്റ് വരെയെങ്കിലും വീണ്ടെടുക്കുമെന്ന് സി.ഐ.ബി.സി ക്യാപിറ്റൽ മാർക്കറ്റ്സ് വിഭാഗവും വിലയിരുത്തുന്നു.