കാനഡയിൽ ഈ വരുന്ന ജൂലൈ മുതൽ പുതിയ നിയമങ്ങളും ആനുകൂല്യ പരിഷ്കരണങ്ങളും പ്രാബല്യത്തിൽ വരുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്ത് കാനഡ റവന്യൂ ഏജൻസി വിവിധ സർക്കാർ ആനുകൂല്യങ്ങളിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൻ്റെ ഭാഗമായി നിലവിലുള്ള ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റിന് പകരമായി 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്' എന്ന പേരിൽ പുതിയ ത്രൈമാസ നികുതിരഹിത പേയ്മെൻ്റ് ജൂലൈ 3 മുതൽ വിതരണം ചെയ്യും.
കൂടാതെ, കാനഡ വർക്കേഴ്സ് ബെനിഫിറ്റ് , കാനഡ ചൈൽഡ് ബെനിഫിറ്റ് , ഓൾഡ് ഏജ് സെക്യൂരിറ്റി എന്നിവയുടെ തുകയിലും ജൂലൈ മാസത്തോടെ നിശ്ചിത ശതമാനം വർദ്ധനവുണ്ടാകും. സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പുറമെ, രാജ്യത്തെ ഇമിഗ്രേഷൻ രംഗത്തും സുപ്രധാനമായ നിയമനിർമ്മാണം നടപ്പിലാക്കുകയാണ്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ വ്യാജ കൺസൾട്ടൻ്റുമാരുടെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടൻ്റ്സ് കോളേജിൻ്റെ മേൽനോട്ടത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. കൺസൾട്ടൻ്റുമാരുടെ വിവരങ്ങൾ പൊതുരേഖകളിൽ കൂടുതൽ സുതാര്യമാക്കാനും, ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
വഞ്ചിക്കപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകാനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതുൾപ്പെടെയുള്ള ഈ പരിഷ്കാരങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനായി ബെയ്ൽ ആൻഡ് സെന്റൻസിങ് റിഫോം ആക്ട് വഴി കടുത്ത ജാമ്യ നിയമങ്ങളും കാനഡ ഈ ജൂലൈ മുതൽ നടപ്പിലാക്കുന്നുണ്ട്. ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, സംഘടിത കുറ്റവാളികൾ, മനുഷ്യക്കടത്ത്, വൻതോതിലുള്ള വാഹന മോഷണം എന്നിവയിൽ ഉൾപ്പെടുന്ന പ്രതികൾക്ക് ഇനി മുതൽ ജാമ്യം ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകും.
പൊതുജനങ്ങളുടെയും സാക്ഷികളുടെയും സുരക്ഷ മുൻനിർത്തിയും, അക്രമങ്ങളുടെ സ്വഭാവം വിലയിരുത്തിയുമായിരിക്കും കോടതികൾ ഇനി ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കുക. വൻകിട മോഷണങ്ങളിലും അക്രമാസക്തമായ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതികൾ