ഐആര്‍സിടിസി വഴി  ഇനി ബസ് ടിക്കറ്റും ബുക്ക് ചെയ്യാം

By: 600007 On: Oct 15, 2021, 1:12 AM

 
ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിപുലമായ സംവിധാനം ഒരുക്കി ഐആര്‍സിടിസി. ബസ് യാത്ര സുഗമമാക്കാന്‍ പരീക്ഷണാടിസ്ഥാനില്‍ ആരംഭിച്ച ബസ് ബുക്കിംഗ് സര്‍വീസ് ഐആര്‍സിടിസി പോര്‍ട്ടലുമായും മൊബൈല്‍ ആപ്പുമായും സംയോജിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഏതു ഭാഗത്തേയ്ക്കും ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
 
നിലവില്‍ ഐആര്‍സിടിസിയുടെ സംവിധാനത്തിന് കീഴില്‍ വിവിധ പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള 50,000 ബസുകള്‍ ബുക്കിംഗിനായി തെരഞ്ഞെടുക്കാവുന്നതാണ്. 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള ബസുകളാണ് ഐആര്‍സിടിസിയുടെ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബസ് ബുക്കിംഗ് സേവനം ഐആര്‍സിടിസി ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് പ്രതീക്ഷിച്ച പോലെ യാത്രക്കാരെ കിട്ടിയില്ല. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യാത്രക്കാരെ  ആകര്‍ഷിക്കാനാണ് ഐആര്‍സിടിസി പുതിയ സംവിധാനം ഒരുക്കിയത്.
 
ഇനി മുതല്‍ ചെറിയ നഗരങ്ങളിലും ബസുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിന് ബസ് സര്‍വീസ് നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ വേണമെന്നില്ല. ഐആര്‍സിടിസിയുടെ നെറ്റ് വര്‍ക്കിന് പുറത്തുള്ള ബസുകളുടെ കൂടി സേവനം ലഭിക്കത്തക്കവിധമാണ് സംവിധാനം ഒരുക്കിയത്. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ഐആര്‍സിടിസി അറിയിച്ചു. ഇടയ്ക്കുള്ള യാത്രകളില്‍ വരെ ബസിലെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ ഒരു പോയിന്റ് മുതല്‍ മറ്റൊരു പോയിന്റ് വരെയുള്ള യാത്ര മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.പ്രതിദിനം 20000 ബസ് ടിക്കറ്റ് ബുക്കിംഗാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ശരാശരി ആയിരം ടിക്കറ്റുകള്‍ വിറ്റുപോകുന്നതായും ഐആര്‍സിടിസി അറിയിച്ചു.