വാൻകൂവറിലെ കോണ്ടോ ബെയ്ൽ ഔട്ട് പ്ലാൻ നികുതിപ്പണത്തിൻ്റെ ദുരുപയോഗമെന്ന് കടുത്ത വിമർശനം

By: 600110 On: Jun 25, 2026, 9:46 AM

 


ബ്രിട്ടീഷ് കൊളംബിയയും  കനേഡിയൻ ഫെഡറൽ ഗവൺമെൻ്റും സംയുക്തമായി പ്രഖ്യാപിച്ച പുതിയ ഭവന നയം കാനഡയിൽ വലിയ രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. വാൻകൂവറിൽ വിറ്റഴിയാതെ കിടക്കുന്ന രണ്ടായിരത്തിലധികം ലക്ഷ്വറി കോണ്ടോ യൂണിറ്റുകൾ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങി അവയെ അഫോർഡബിൾ ഹൗസിംഗ്  ആക്കി മാറ്റാനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ വൻകിട ഡെവലപ്പർമാരുടെ ബിസിനസ്സ് പരാജയങ്ങൾ മറികടക്കാൻ പൊതുഫണ്ട് ഉപയോഗിക്കുന്നത് തികച്ചും അന്യായമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. 

ഡെവലപ്പർമാരുടെ സാമ്പത്തിക നഷ്ടങ്ങൾ നികത്താൻ ഗവൺമെൻ്റ് നേരിട്ട് വിപണിയിൽ ഇടപെടുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്നാണ് പ്രധാന വിമർശനം. ഉയർന്ന റിസ്ക് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ലഭിക്കുമ്പോൾ അത് അവർക്ക് മാത്രമായിരിക്കുകയും, നഷ്ടം വരുമ്പോൾ അത് പൊതുജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്ന നയമാണിതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 'ലാഭം സ്വകാര്യവൽക്കരിക്കുകയും നഷ്ടം പൊതുവൽക്കരിക്കുകയും ചെയ്യുന്ന' ഈ നടപടി സാധാരണക്കാരായ നികുതിദായകർക്ക് ഭാരമാകുമെന്നും, വിപണിയിലെ വിലയിടിവ് തടഞ്ഞുനിർത്താൻ വൻകിടക്കാരെ സഹായിക്കുകയാണ് ഇതിൻ്റെ യഥാർത്ഥ ലക്ഷ്യമെന്നും സാമ്പത്തിക വിശകലന വിദഗ്ദ്ധർ വിലയിരുത്തുന്നു. 

പ്രധാനമന്ത്രി മാർക്ക് കാർണിയും  പ്രീമിയർ ഡേവിഡ് എബിയും ചേർന്ന് പ്രഖ്യാപിച്ച ഈ പദ്ധതി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഭവനരഹിതരായ ജനങ്ങൾക്ക് പുതിയതും അഫോർഡബിർ ആയതുമായ വീടുകൾ നിർമ്മിച്ചു നൽകുന്നതിന് പകരം, ഉയർന്ന വിപണി വിലയുള്ള ലക്ഷ്വറി അപ്പാർട്ട്മെൻ്റുകൾ വാങ്ങാൻ കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നത് സാമ്പത്തിക അച്ചടക്കമില്ലായ്മയ്ക്ക് കാരണമാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.  റിയൽ എസ്റ്റേറ്റ് വിപണിയിൽ ദീർഘവീക്ഷണത്തോടെയുള്ള സുതാര്യമായ നയങ്ങളാണ് വേണ്ടതെന്നും, സ്വകാര്യ കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഇത്തരം പാക്കേജുകൾ സാമ്പത്തിക ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നുമാണ് പൊതുവെ ഉയരുന്ന വിമർശ്നം.