വിറ്റ്ബിയിൽ മാതാപിതാക്കളോടൊപ്പം പൊതുസ്ഥലത്ത് കളിക്കുയായിരുന്ന പിഞ്ചുകുഞ്ഞിനെ കാട്ടുനായ ആക്രമിച്ചു. ജൂൺ 22 തിങ്കളാഴ്ച കോറണേഷൻ റോഡ്, റോസ്ലാൻഡ് റോഡ് എന്നിവയ്ക്ക് സമീപമുള്ള വനമേഖലയോട് ചേർന്നുള്ള മൈതാനത്തു വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ടൊറൻ്റോയിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു. കുടുംബത്തിന്റെ സ്വകാര്യത മാനിച്ചു കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വന്യജീവികളുടെ സാന്നിധ്യവും ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഡർഹാം പോലീസ് പ്രദേശവാസികൾക്കായി കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് ഇത്തരം മൃഗങ്ങൾ കൂടുതൽ വരുന്നതെന്നും, തങ്ങൾ വേട്ടയാടപ്പെടുകയാണെന്നോ അല്ലെങ്കിൽ വഴിതടസ്സപ്പെട്ടെന്നോ തോന്നിയാൽ ഇവ കൂടുതൽ അക്രമകാരികളാകാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. സംഭവത്തെത്തുടർന്ന് അനിമൽ സർവീസസ് വിഭാഗവും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സ്ഥലത്തെ വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിച്ചുവരികയാണ്. പൊതുസ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ അടുത്തിടെയായി കുട്ടികൾക്ക് നേരെ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നത് പതിവാകുന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം മർഖാമിൽ ഒരു കുട്ടിയെ കാട്ടുനായ പോറലേൽപ്പിക്കുകയും, മറ്റൊരു സംഭവത്തിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. മൃഗങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ ഭയന്നോടരുതെന്നും, കൈകൾ ഉയർത്തിയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും അവയെ അകറ്റി നിർത്താൻ ശ്രമിക്കണമെന്നും നഗരസഭാ അധികൃതർ നിർദ്ദേശിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഉടൻ തന്നെ '911' എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.