വാഹനാപകടത്തില്‍ ലൂസിയാന പാസ്റ്ററുടെ മകനും മരുമകളും മരിച്ചു

By: 600002 On: Jun 25, 2026, 9:09 AM



 

പ്രസാദ് തീയാടിക്കല്‍

കെന്റ്വുഡ്, ലൂസിയാന: ലൂസിയാനയിലെ കെന്റ്വുഡിലുള്ള ലൈഫ്വേ അപ്പോസ്‌തോലിക് ചര്‍ച്ചിന്റെ പാസ്റ്റര്‍ ടിം ബ്രാഡിയുടെ കുടുംബത്തെ ദാരുണ ദുരന്തം തേടിയെത്തി. പെന്തക്കോസ്ത് യുവജന ക്യാമ്പില്‍ നിന്ന് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പാസ്റ്ററുടെ 13 വയസ്സുകാരനായ ഇളയമകന്‍ ബെന്‍സണ്‍ ബ്രാഡിയും 22 വയസ്സുള്ള മരുമകള്‍ കാറ്റി ബാര്‍ബര്‍ ബ്രാഡിയും മരണപ്പെട്ടു.

ജൂണ്‍ 20 ശനിയാഴ്ച രാവിലെ ആര്‍കന്‍സാസിലെ മാഗ്‌നോളിയയില്‍ നടന്ന ക്യാമ്പ് ഏപെക്‌സ് എന്ന ഒരാഴ്ച നീണ്ടുനിന്ന യുവജന ക്യാമ്പില്‍ നിന്ന് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ലൂസിയാനയിലെ അതെന്‍സ് സമീപമുള്ള സ്റ്റേറ്റ് ഹൈവേ 9-ല്‍ രാവിലെ ഏകദേശം 11:30ഓടെ സഞ്ചരിച്ചിരുന്ന 2022 മോഡല്‍ റാം പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്നത് പാസ്റ്റര്‍ ബ്രാഡിയുടെ മൂത്തമകനും കാറ്റിയുടെ ഭര്‍ത്താവുമായ ജേ ബ്രാഡിയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജേ ബ്രാഡിയെ ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടയച്ചെങ്കിലും, മറ്റ് രണ്ട് കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അപകടത്തില്‍ മയക്കുമരുന്നോ മദ്യപാനമോ കാരണമായതായി സംശയിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദീര്‍ഘയാത്രയുടെ ക്ഷീണം മൂലം ഡ്രൈവര്‍ക്ക് ഉറക്കം വന്നിരിക്കാമെന്നാണ് പാസ്റ്റര്‍ ടിം ബ്രാഡി അഭിപ്രായപ്പെട്ടത്.

കുടുംബത്തിന്റെ ശവസംസ്‌കാര ചെലവുകള്‍ക്കായി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.