സ്വിറ്റ്‌സർലൻഡിനോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി കാനഡ ലോകകപ്പിൻ്റെ നോക്കൗട്ടിലേക്ക്; അടുത്ത എതിരാളികൾ ദക്ഷിണാഫ്രിക്ക

By: 600110 On: Jun 25, 2026, 5:46 AM

ഫിഫ ലോകകപ്പിൽ, ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ കാനഡയ്ക്ക് സ്വിറ്റ്‌സർലൻഡിനോട് തോൽവി, 2-1 നായിരുന്നു സ്വിറ്റ്സർലൻ്റിൻ്റെ വിജയം. മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽ കാനഡയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാമായിരുന്നു. എന്നാൽ തോൽവിയോടെ കാനഡ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി. ഞായറാഴ്ച ലോസ് ആഞ്ചലസിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് കാനഡയുടെ എതിരാളികൾ. ശക്തരായ ദക്ഷിണ കൊറിയയെ 1-0 ന് അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക കാനഡയുമായുള്ള മത്സരത്തിന് യോഗ്യത നേടിയത്.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ കനേഡിയൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റൂബൻ വർഗാസിലൂടെ സ്വിറ്റ്‌സർലൻഡ് ആദ്യ ഗോൾ നേടി. 57-ാം മിനിറ്റിൽ ജോഹാൻ മാൻസാംബിയിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി (2-0). മത്സരത് അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് കാനഡയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും (2-1) സമനില പിടിക്കാൻ കാനഡയ്ക്കായില്ല.  ഇതേ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ചു. ഇതോടെ ഖത്തർ ടൂർണമെൻ്റിൽ നിന്ന് പുറത്തായി.

ചരിത്രത്തിലാദ്യമായാണ് കാനഡ ലോകകപ്പിൽ ഇത്രയും മികച്ച പ്രകടനം നടത്തുന്നത്. ഇതിനുമുൻപ് ലോകകപ്പിൽ ഒരൊറ്റ പോയിൻ്റ് പോലും നേടാനാകാത്ത കാനഡ, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ 4 പോയിൻ്റുകൾ സ്വന്തമാക്കിയാണ് നോക്കൗട്ടിലേക്ക് മുന്നേറുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാായിരുന്നു എങ്കിൽ കാനഡ ടീമിന് വാൻകൂവറിൽ തന്നെ അടുത്ത മത്സരങ്ങളും കളിക്കാമായിരുന്നു. എന്നാൽ രണ്ടാം സ്ഥാനക്കാരായതോടെ അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് അടുത്ത മത്സരം. എങ്കിലും വരാനിരിക്കുന്ന നോക്കൗട്ട് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.