ബാങ്ക് വിളിയെ തുടർന്ന് റജീനയിലെ ജാമിയ മസ്ജിദിന് നേരെ ഭീഷണി

By: 600110 On: Jun 25, 2026, 5:29 AM

ബാങ്ക് വിളിക്ക് പിന്നാലെ സസ്കാച്ചവാനിലെ റജീനയിൽ മസ്ജിദിന് നേരെ ഭീഷണി, 'റജീന സിറ്റി ജാമിയ മസ്ജിദിന്' നേരെയാണ് സോഷ്യൽ മീഡിയ വഴിയും ഇമെയിൽ വഴിയും ഭീഷണികൾ ഉയരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദിൽ നിന്ന് ആദ്യമായി ഉച്ചഭാഷിണിയിലൂടെ പുറത്തേക്ക് ബാങ്ക് വിളി കേൾപ്പിച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. നഗരത്തിൽ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും വളർത്തുന്നതിൻ്റെ ഭാഗമായി, ഒരു മാസത്തേക്ക് വെള്ളിയാഴ്ചകളിലെ ഉച്ചപ്രാർത്ഥനയ്ക്ക് മുൻപ് ബാങ്ക് വിളിക്കാൻ റജീന നഗരസഭ മസ്ജിദിന് അനുമതി നൽകിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ഇസ്‌ലാം വിരുദ്ധ പരാമർശങ്ങളും മസ്ജിദിന്റെ സ്പീക്കർ തകർക്കുമെന്ന തരത്തിലുള്ള ഭീഷണികളും ഉയർന്നത്.

ഈ സംഭവത്തെ വെറുപ്പ് ഉളവാക്കുന്ന കുറ്റകൃത്യമായി കണ്ട് റജീന പൊലീസ് അന്വേഷണം ആരംഭിച്ചു. മുസ്ലിം കൂട്ടായ്മകൾ നടക്കുന്ന സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.  നിലവിലെ ശബ്ദനിയന്ത്രണ നിയമങ്ങൾ പാലിച്ച് 2026 ജൂലൈ 10 വരെയാണ് നിലവിൽ ബാങ്ക് വിളിക്കാൻ അനുമതിയുള്ളത്. ഇതിനുശേഷം നഗരസഭ ഈ അനുമതി പുനഃപരിശോധിക്കും.  ബാങ്ക് വിളിയെക്കുറിച്ച് ആശങ്കകളോ സംശയങ്ങളോ ഉള്ളവരെ മസ്ജിദിലേക്ക് സ്വാഗതം ചെയ്യുന്നതായും, അവരുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും മസ്ജിദ് ഭാരവാഹികൾ അറിയിച്ചു. വടക്കേ അമേരിക്കയിൽ ഇത്തരം അനുമതി നൽകുന്നത് ആദ്യമായല്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിലും സമാനമായ രീതിയിൽ ബാങ്ക് വിളിക്കാൻ അനുമതി നൽകിയിരുന്നു.