കാനഡയിലെ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകളുടെ വർദ്ധിച്ചുവരുന്ന പൊതുകടം സാധാരണക്കാരായ കനേഡിയൻ പൗരന്മാർക്ക് മേൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി റിപ്പോർട്ട്. പ്രമുഖ തിങ്ക്-ടാങ്കായ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഏറ്റവും പുതിയ പഠനറിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 2025/26 സാമ്പത്തിക വർഷത്തിൽ മാത്രം കാനഡയിലെ ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകൾ പൊതുകടത്തിന്റെ പലിശയായി മാത്രം 9,440 കോടി ഡോളർ അടയ്ക്കേണ്ടി വരും. ഇത് ഒരോ കനേഡിയൻ നികുതിദായകന്റെയും പോക്കറ്റിൽ നിന്ന് ഈ വർഷം 1,845 ഡോളർ മുതൽ 3,348 ഡോളർ വരെ പലിശയിനത്തിൽ മാത്രം നഷ്ടമാകുന്നതിന് തുല്യമാണ്.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പലിശ ബാധ്യത വ്യത്യസ്ത നിരക്കുകളിലാണ് . ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ ജനങ്ങൾക്കാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പലിശ ബാധ്യതയുള്ളത്; ഇവിടെ ഒരാൾക്ക് ശരാശരി 3,348 ഡോളർ വീതം ബാധ്യത വരുന്നു. മാനിറ്റോബയിൽ ഇത് 2,816 ഡോളറും ഒൻ്റാരിയോയിൽ 2,064 ഡോളറുമാണ്. അതേസമയം, കാനഡയിൽ ഏറ്റവും കുറഞ്ഞ പലിശ ബാധ്യത രേഖപ്പെടുത്തിയിരിക്കുന്നത് ആൽബർട്ടയിലാണ്. ഒരാൾക്ക് 1,845 ഡോളർ വീതം. ഈ വർഷം ഫെഡറൽ സർക്കാർ മാത്രം പലിശയിനത്തിൽ ചിലവഴിക്കുന്ന 5,400 കോടി ഡോളർ എന്നത് കുട്ടികളുടെ ക്ഷേമത്തിനായി രാജ്യം നൽകുന്ന ആകെ ആനുകൂല്യങ്ങളേക്കാൾ വളരെ ഉയർന്നതാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വർദ്ധിച്ചുവരുന്ന കടബാധ്യതകൾ കാനഡയിലെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരുകൾ പലിശ നൽകാനായി വൻതുക മാറ്റിവെക്കേണ്ടി വരുമ്പോൾ പൊതുജനങ്ങൾക്ക് നേരിട്ട് ഉപകാരപ്പെടുന്ന ക്ഷേമപദ്ധതികൾക്ക് പണമില്ലാത്ത അവസ്ഥ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. വരും വർഷങ്ങളിൽ ഈ കടങ്ങൾ വീട്ടുന്നതിനായി സർക്കാരുകൾക്ക് നികുതി നിരക്കുകൾ കുത്തനെ ഉയർത്തേണ്ടി വരുമെന്നത് കാനഡയിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഇനിയും വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.