അമേരിക്കയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റുകളിലെ ഡ്രൈവ്-ത്രൂ കൗണ്ടറുകളിൽ ഉപഭോക്താക്കളിൽ നിന്നും ഓർഡറുകൾ സ്വീകരിക്കുന്നതിനായി എ ഐ സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ഡെട്രോയിറ്റിലെ 'വൈറ്റ് കാസിൽ' ഉൾപ്പെടെയുള്ള പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ നിലവിൽ വോയ്സ് എഐ ചാറ്റ്ബോട്ടുകളെ ഓർഡർ എടുക്കാനായി വിജയകരമായി ഉപയോഗിക്കുന്നുണ്ട്. യുഎസിൽ അതിവേഗം പ്രചാരത്തിലാകുന്ന ഈ സാങ്കേതിക വിപ്ലവം വൈകാതെ തന്നെ കാനഡയിലേക്കും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും വ്യാപിക്കുമെന്നാണ് ടെക്നോളജി വിദഗ്ദ്ധർ വിലയിരുത്തുന്നത്. സൗണ്ട്ഹൗണ്ട് , പ്രെസ്റ്റോ തുടങ്ങിയ പ്രമുഖ എഐ കമ്പനികളാണ് റെസ്റ്റോറന്റുകൾക്കായി ഇത്തരം അത്യാധുനിക ചാറ്റ്ബോട്ടുകൾ വികസിപ്പിക്കുന്നത്.
തുടക്കത്തിൽ ചില സാങ്കേതിക തടസ്സങ്ങളും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ആശയക്കുഴപ്പങ്ങളും ഉണ്ടായെങ്കിലും, നിലവിൽ ജീവനക്കാരേക്കാൾ കൂടുതൽ കൃത്യതയോടെയും വേഗതയോടെയും ഓർഡറുകൾ പ്രോസസ്സ് ചെയ്യാൻ ഈ ചാറ്റ്ബോട്ടുകൾക്ക് സാധിക്കുന്നുണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നു. എഐ ചാറ്റ്ബോട്ട് ഉപഭോക്താക്കളുമായി സംസാരിച്ച് ഓർഡർ എടുക്കുമ്പോൾ, റെസ്റ്റോറന്റിനുള്ളിലെ ജീവനക്കാരുടെ സ്ക്രീനിൽ ഈ വിവരങ്ങൾ തത്സമയം ലഭ്യമാകും. ഇത് ഭക്ഷണം വേഗത്തിൽ തയ്യാറാക്കാനും ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു.
കൂടാതെ, കൂടുതൽ വിഭവങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന 'അപ്‌സെല്ലിംഗ്' തന്ത്രങ്ങൾ മനുഷ്യരേക്കാൾ ഫലപ്രദമായി നടപ്പിലാക്കാൻ എഐക്ക് സാധിക്കുന്നുണ്ടെന്നും ഇത് റെസ്റ്റോറൻ്റുകളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുന്നുണ്ടെന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു.എന്നിരുന്നാലും, ഫാസ്റ്റ് ഫുഡ് മേഖലയിലെ ഈ എഐ അധിനിവേശം തൊഴിൽ വിപണിയിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
ഡ്രൈവ്-ത്രൂ കൗണ്ടറുകളിൽ ചാറ്റ്ബോട്ടുകൾ സജീവമാകുന്നതോടെ ഈ മേഖലയിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ലേബർ ഓർഗനൈസേഷനുകൾ മുന്നറിയിപ്പ് നൽകുന്നു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ഭയം ഒരു വശത്തുണ്ടെങ്കിലും, വരും വർഷങ്ങളിൽ ലോകമെമ്പാടുമുള്ള ഭൂരിഭാഗം ഡ്രൈവ്-ത്രൂ കൗണ്ടറുകളും പൂർണ്ണമായും വോയ്സ് എഐ സാങ്കേതികവിദ്യയിലേക്ക് മാറുമെന്നാണ് വിപണിയിലെ പൊതുവേയുള്ള വിലയിരുത്തൽ.