കാൽഗറിയിൽ ഈ വേനൽക്കാലത്ത് കൊതുകു ശല്യം രൂക്ഷമാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

By: 600110 On: Jun 24, 2026, 2:07 PM

 

കാൽഗറി നഗരത്തിൽ ഈ വേനൽക്കാലത്ത് സാധാരണ നിലയിലുള്ള കൊതുക് ശല്യം മാത്രമായിരിക്കും അനുഭവപ്പെടുകയെന്ന് വിദഗ്ദ്ധർ . ജൂൺ മാസത്തിൻ്റെ തുടക്കത്തിൽ ശക്തമായ മഴ ലഭിച്ചെങ്കിലും, തുടർന്നുണ്ടായ തണുപ്പേറിയ കാലാവസ്ഥയും രാത്രികാലങ്ങളിലെ കുറഞ്ഞ താപനിലയും കൊതുകുകളുടെ പെരുകലിനെ തൽക്കാലം നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണ്.

നഗരസഭ സ്ഥാപിച്ച കെണികളിൽ നിലവിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെ കൊതുകുകളെയും അവയുടെ ലാർവകളെയും മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. എങ്കിലും, ജൂലൈ പകുതിയോടെ താപനില ഉയരുന്നതിനനുസരിച്ച് കൊതുകുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് നഗരസഭയിലെ പെസ്റ്റ് മാനേജ്‌മെൻ്റ് വിഭാഗം വ്യക്തമാക്കുന്നത്.  
ചെറിയ തണുപ്പുള്ള കാലാവസ്ഥയിലും അതിജീവിക്കാൻ ശേഷിയുള്ളതും ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ കണ്ടുവരുന്നതുമായ 'നോർത്തേൺ ഹൗസ് മൊസ്കിറ്റോ'  എന്ന അപകടകാരിയായ ഇനം കൊതുകുകളുടെ സാന്നിധ്യം കാൽഗറിയിൽ സമീപകാലത്തായി സ്ഥിരീകരിച്ചിട്ടുണ്ട്.

വെസ്റ്റ് നൈൽ വൈറസ് പരത്താൻ ശേഷിയുള്ളവയാണ് ഇവയെന്നതിനാൽ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുമായി ചേർന്ന് നഗരസഭ കർശനമായ നിരീക്ഷണവും പഠനങ്ങളും നടത്തിവരികയാണ്. കൊതുകുശല്യം പ്രതിരോധിക്കുന്നതിനായി വ്യോമ-ഭൗമ മാർഗ്ഗങ്ങളിലൂടെ നഗരസഭ പ്രതിരോധ മരുന്നുകൾ തളിക്കുന്നുണ്ട്. എങ്കിലും വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും പുൽച്ചെടികൾ വെട്ടി ഒതുക്കാനും പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.