കൗതുകമുണർത്തി ബുർജ് ഖലീഫയിൽ ടീം ഇന്ത്യയുടെ ബില്യൺ ചിയേഴ്സ് ജേഴ്സി

By: 600007 On: Oct 15, 2021, 1:05 AM

കൗതുകമുണർത്തി ബുര്‍ജ് ഖലീഫയില്‍ ടീം ഇന്ത്യയുടെ പുത്തന്‍ ജേഴ്‌സി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എം.പി.എൽ കഴിഞ്ഞ ദിവസമാണ് സ്പോർട്സ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്.  ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
 
ദുബായിലെ ബുർജ് ഖലീഫയിലും ഇന്ത്യയുടെ പുതിയ ജേഴ്സി പ്രദർശിപ്പിച്ചത് കൗതുകകരമായി. 13ന്  വൈകിട്ടാണ് ബുർജ് ഖലീഫയിൽ ഇന്ത്യയുടെ ജേഴ്സി പ്രദർശിപ്പിച്ചത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഇന്ത്യയുടെ പുതിയ ജേഴ്സി ധരിച്ച് നിൽക്കുന്ന ചിത്രമടക്കമാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. കെട്ടിടത്തിൽ ജേഴ്സി പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ എം.പി.എൽ സ്പോർട്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
 
'ബില്യൺ ചിയേഴ്സ് ജേഴ്സി' എന്ന് പേരിട്ടിരിക്കുന്ന ഈ ജഴ്സിയ്ക്ക് കടുംനീല നിറമാണ്. ഒക്ടോബർ 17 മുതൽ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ്. ഒക്ടോബർ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിലും ഇന്ത്യ ഈ പുതിയ ജേഴ്സിയിലായിരിക്കും ഇറങ്ങുക.
Content Highlights: Team India jersey was showcased on the iconic Burj Khalifa