പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി. ന്യൂയോര്‍ക്കിലെ പതിമൂന്നാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ഡാരിയലിസ അവില ഷെവലിയര്‍ പരാജയപ്പെടുത്തി. 32-കാരിയായ ഡാരിയലിസ സി.യു.എന്‍.വൈ സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ്.
ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനിയുടെ പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോര്‍ക്കില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.