പി പി ചെറിയാന്‍
ടെക്‌സാസ്: ഫെന്റാനില്‍, മെത്താംഫെറ്റാമൈന്‍ എന്നീ മാരക മയക്കുമരുന്നുകള്‍ നല്‍കി ഒരു യുവതിയെ മരണാസന്നയാക്കുകയും, അവര്‍ മരണത്തോട് മല്ലടിക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകളോളം മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത നോര്‍ത്ത് ടെക്‌സസ് സ്വദേശിക്ക് യു.എസ് ഫെഡറല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഡെനിസണ്‍ സ്വദേശിയായ ആന്‍ഡ്രൂ മൈക്കല്‍ സ്മിത്ത് (36) എന്നയാള്‍ക്കാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമോസ് എല്‍. മസ്സാന്റ് കടുത്ത ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബര്‍ 5-നായിരുന്നു സംഭവം. മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് യുവതി ഛര്‍ദ്ദിക്കുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ബോധക്ഷയമുണ്ടാകുകയും ചെയ്തിട്ടും പ്രതി അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പകരം മണിക്കൂറുകളോളം ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
യുവതിയുടെ ശ്വാസം പൂര്‍ണ്ണമായും നിലച്ചതിന് ശേഷം മാത്രമാണ് സ്മിത്ത് അടിയന്തര സഹായത്തിനായി അധികൃതരെ വിളിച്ചത്. (എന്നാല്‍ മെഡിക്കല്‍ സംഘത്തിന്റെ ഇടപെടല്‍ കൊണ്ട് യുവതിയെ പിന്നീട് ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു).
യുവതി മരണത്തോട് മല്ലടിക്കുന്ന സമയത്തും പ്രതി മറ്റുളളവരുമായി ഫോണില്‍ ബന്ധപ്പെടുകയും കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നതായി പ്രൊസിക്യൂട്ടര്‍മാര്‍ കണ്ടെത്തി.
മയക്കുമരുന്ന് മാഫിയകള്‍ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും എതിരെ എഫ്.ബി.ഐയും ഡെനിസണ്‍ പോലീസും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ ടേക്ക് ബാക്ക് അമേരിക്ക' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കേസ് അന്വേഷിച്ചതും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയതും.