ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇന്ത്യന്‍-അമേരിക്കന്‍ ഡോ. സുരേന്ദ്ര വര്‍മയെ വീണ്ടും നിയമിച്ചു

By: 600002 On: Jun 24, 2026, 12:25 PM



 

പ്രസാദ് തീയാടിക്കല്‍ 

ഓസ്റ്റിന്‍, ടെക്‌സാസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ ആരോഗ്യപരിപാലന രംഗത്തെ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ വീണ്ടും പങ്കാളിയാകാന്‍ ഇന്ത്യന്‍-അമേരിക്കന്‍ വൈദ്യനായ സുരേന്ദ്ര വര്‍മയെ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വീണ്ടും നിയമിച്ചു. ടെക്‌സാസ് മെഡിക്കല്‍ ബോര്‍ഡിന്റെ (TMB) ഡിസ്ട്രിക്ട് ത്രീ റിവ്യൂ കമ്മിറ്റി അംഗമായാണ് അദ്ദേഹത്തെ പുനര്‍നിയമിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സംബന്ധിച്ച പരാതികള്‍, അന്വേഷണങ്ങള്‍, അച്ചടക്കനടപടികള്‍ എന്നിവ പരിശോധിച്ച് ടെക്‌സാസ് മെഡിക്കല്‍ ബോര്‍ഡിന് ശുപാര്‍ശകള്‍ നല്‍കുന്ന സുപ്രധാന സമിതിയാണ് ഡിസ്ട്രിക്ട് ത്രീ റിവ്യൂ കമ്മിറ്റി. സംസ്ഥാനത്തെ മെഡിക്കല്‍ ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍, പ്രൊഫഷണല്‍ പെരുമാറ്റം, രോഗികളുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിലും ഈ സമിതിക്ക് പ്രധാന പങ്കുണ്ട്.

ഡോ. വര്‍മ മുന്‍പ് ടെക്‌സാസ് മെഡിക്കല്‍ ബോര്‍ഡിലും, ഡിസ്ട്രിക്ട് ത്രീ റിവ്യൂ കമ്മിറ്റിയിലും, കൂടാതെ ടാസ്‌ക് ഫോഴ്സ് ഓണ്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് പ്രിപെയര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ് എന്ന പ്രത്യേക സമിതിയിലും ഗവര്‍ണറുടെ നിയമനത്തിലൂടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പുതുതായി പുനര്‍നിയമിക്കപ്പെട്ട സഹഅംഗമായ ഷാരണ്‍ കാര്‍ക്കൊപ്പം ഡോ. വര്‍മ 2032 ജനുവരി 15 വരെ ഈ പദവിയില്‍ തുടരും.

ലബ്ബോക്കില്‍ താമസിക്കുന്ന ഡോ. സുരേന്ദ്ര വര്‍മ നിലവില്‍ ടെക്‌സസ് ടെക് യൂണിവേഴ്‌സസിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്റെ എക്‌സിക്യൂട്ടീവ് അസോസിയേറ്റ് ഡീനായും മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തിലെ എന്‍ഡോവ്ഡ് ചെയറായും സേവനം ചെയ്യുന്നു.

അമേരിക്കന്‍ പീഡിയാട്രിക് സൊസൈറ്റി, സൊസൈറ്റി ഫോര്‍ പീഡിയാട്രിക് റിസര്‍ച്ച്, എന്‍ഡോക്രൈന്‍ സൊസൈറ്റി എന്നിവയിലെ അംഗമാണ് അദ്ദേഹം. കൂടാതെ അമേരിക്കന്‍ ഡയബറ്റിക് അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ യൂണിവേഴ്‌സസിറ്റി ഓഫ് ലക്നൗയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സസിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്, എം.ഡി (പീഡിയാട്രിക്‌സ്) ബിരുദങ്ങളും നേടിയിട്ടുണ്ട്.