വർഷത്തിൽ പത്ത് ലക്ഷത്തിലേറെ കോളുകൾ; കാൽഗറി 911 ഹെൽപ്പ്‌ലൈനിൻ്റെ പ്രവർത്തനം കടുത്ത സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്

By: 600110 On: Jun 24, 2026, 6:16 AM

 

 കാനഡയിലെ കാൽഗറി നഗരത്തിലെ എമർജൻസി കോൾ സെൻ്ററായ 'കാൽഗറി 911' (Calgary 911)-ലേക്ക് എത്തുന്ന ഫോൺ കോളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തിലധികം കോളുകൾക്കാണ് ഈ കേന്ദ്രത്തിലെ ജീവനക്കാർ മറുപടി നൽകിയത്. നഗരത്തിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയും ജനസംഖ്യാ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 2025-ൽ മാത്രം കോളുകളുടെ എണ്ണത്തിൽ 4 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.

വെറും അപകടവിവരങ്ങൾ എന്നതിനപ്പുറം മാനസികാരോഗ്യം, ലഹരി ഉപയോഗം, അഭയകേന്ദ്രങ്ങൾക്കായുള്ള ആവശ്യങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോളുകളാണ് ഇപ്പോൾ കൂടുതലായി വരുന്നത്. ഇതിൽ ഗുരുതരമല്ലാത്ത രണ്ടായിരത്തോളം കോളുകൾ മറ്റ് കൗൺസിലിംഗ് സഹായ കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. നഗരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വർദ്ധിച്ചുവരുന്നതിനാൽ, ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകളിൽ സഹായം തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്തരം കോളുകൾ കൈകാര്യം ചെയ്യാൻ സാധാരണ കോളുകളേക്കാൾ മൂന്നിരട്ടി സമയം ആവശ്യമായി വരുന്നുണ്ട്.

 കടുത്ത സമ്മർദ്ദവും ദാരുണമായ സംഭവങ്ങളെക്കുറിച്ച് തുടർച്ചയായ കേൾക്കേണ്ടി വരുന്നത് ഹെൽപ്പ്‌ലൈൻ ജീവനക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ജീവനക്കാരുടെ കൗൺസിലിംഗിനും മാനസിക ഉന്മേഷത്തിനുമായി വിപുലമായ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.  
കോളുകളുടെ എണ്ണം എത്ര കൂടിയാലും, നഗരവാസികൾക്ക് ഏറ്റവും കൃത്യമായ സമയത്ത് ഏറ്റവും അനുയോജ്യമായ സഹായം എത്തിക്കാൻ തങ്ങൾ എപ്പോഴും സജ്ജരാണെന്ന് കാൽഗറി 911 വിഭാഗം ഉറപ്പുനൽകുന്നു.