കാനഡയിലെ പ്രമുഖ പലചരക്ക് വ്യാപാര ശൃംഖലകളായ സോബീസ് , സേഫ്‌വേ , ഫ്രെഷ്‌കോ തുടങ്ങിയവയുടെ മാതൃകമ്പനിയായ 'എംപയർ കമ്പനി ലിമിറ്റഡിനെതിരെ കാനഡയിലെ കോമ്പറ്റീഷൻ ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നു. തങ്ങളുടെ വ്യാപാര മേഖലകളിൽ മറ്റ് കമ്പനികൾ വരുന്നത് തടയാൻ നിയമങ്ങൾ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിലാണ് രാജ്യവ്യാപകമായി അന്വേഷണം ശക്തമാക്കുന്നത്. കാനഡയിലെ മറ്റൊരു പ്രമുഖ ഗ്രൂപ്പായ ലോബ്ലോസിനെതിരെയും സമാനമായ അന്വേഷണം നടക്കുന്നുണ്ട്.
തങ്ങളുടെ കടകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലോ സമീപപ്രദേശങ്ങളിലോ മറ്റ് എതിരാളികളായ ഗ്രോസറി കമ്പനികൾക്ക് സ്ഥലം നൽകരുതെന്ന് ഇവർ ഭൂവുടമകളുമായി കരാറുണ്ടാക്കുന്നതായാണ് ആരോപണം. തങ്ങൾ വിൽക്കുന്ന ഭൂമിയോ കെട്ടിടങ്ങളോ വാങ്ങുന്നവർ ഭാവിയിൽ അവിടെ മറ്റ് സൂപ്പർമാർക്കറ്റുകൾ തുടങ്ങാൻ പാടില്ലെന്ന കടുത്ത നിബന്ധനകളും വയ്ക്കാറുണ്ട്. ഇത്തരം വിപണി വിരുദ്ധ നടപടികൾ കാരണം പുതിയ കമ്പനികൾക്ക് കടകൾ തുടങ്ങാൻ കഴിയാതെ വരികയും, മത്സരം കുറയുന്നത് വഴി സാധനങ്ങൾക്ക് അമിതവില ഈടാക്കാൻ കമ്പനികൾക്ക് സാധിക്കുകയും ചെയ്യുന്നു.
കാനഡയിൽ കഴിഞ്ഞ മാസം പൊതു വിലക്കയറ്റം 3.2 ശതമാനമായിരുന്നപ്പോൾ, ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം 4.4 ശതമാനമായി ഉയർന്നിരുന്നു. ഇതാണ് അന്വേഷണം ഊർജ്ജിതമാക്കാൻ കാരണം. നേരത്തെ ആൽബർട്ടയിലെ ഒരു ചെറിയ ടൗണിൽ ഒരേയൊരു ഗ്രോസറി സ്റ്റോർ മാത്രം നിലനിർത്താൻ സോബീസ് ഇത്തരമൊരു കരാർ ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ബ്യൂറോ ഇടപെട്ടാണ് ഈ കരാർ റദ്ദാക്കിയത്. നിയമവിരുദ്ധമായി ഇത്തരം നിബന്ധനകൾ തുടരുന്നതിനെതിരെ മാനിറ്റോബ പ്രവിശ്യാ ഗവൺമെൻ്റും സോബീസിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി കുറ്റം ചെയ്തതായി അന്തിമമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കോമ്പറ്റീഷൻ ബ്യൂറോ വ്യക്തമാക്കി.