കാനഡയിലെ ബാങ്ക് ഉപഭോക്താക്കളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക കാര്യ നിയന്ത്രണ ഏജൻസിയായ 'ഫിനാൻഷ്യൽ കൺസ്യൂമർ ഏജൻസി ഓഫ് കാനഡ' (FCAC) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ബാങ്കുകളിൽ ലഭിക്കുന്ന ഉപഭോക്തൃ പരാതികൾ 56 ദിവസ പരിധിക്കുള്ളിൽ തന്നെ തീർപ്പാക്കുകയോ ക്ലോസ് ചെയ്യുകയോ വേണമെന്ന് പുതിയ പരിഷ്കരണത്തിൽ വ്യക്തമാക്കുന്നു.
പരാതി തീർപ്പാക്കാനുള്ള 56 ദിവസത്തെ സമയപരിധി ഒരു കാരണവശാലും നീട്ടാൻ ബാങ്കുകൾക്ക് അനുവാദമില്ല. ഒരു പരാതിയിന്മേൽ ബാങ്ക് സ്വീകരിച്ച അന്തിമ തീരുമാനം എന്താണെന്ന് ഉപഭോക്താവിനെ കൃത്യമായി അറിയിക്കണം. ആദ്യഘട്ടത്തിൽ തീർപ്പാക്കാത്ത പരാതികളിൽ 'നോട്ടീസ് ഓഫ് ഫൈനൽ ഡിസിഷൻ' നൽകിയിരിക്കണം. ബാങ്കിൻ്റെ തീരുമാനത്തിൽ തൃപ്തരല്ലാത്ത ഉപഭോക്താക്കൾക്ക്, ബാങ്കിന് പുറത്തുള്ള പരാതി പരിഹാര ഫോറങ്ങളെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് ബാങ്കുകൾ തന്നെ ഉപഭോക്താക്കളെ അറിയിക്കണം.
പരാതികൾ കൃത്യസമയത്ത് പരിഹരിക്കുന്നതിനൊപ്പം, ഉപഭോക്താവിന് എന്തെങ്കിലും സാമ്പത്തിക നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള പരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കാനഡയിലെ ബാങ്ക് നിയമപ്രകാരം പരാതികൾ കൈകാര്യം ചെയ്യാൻ കൃത്യമായ നടപടിക്രമങ്ങൾ ബാങ്കുകൾക്ക് ഉണ്ടായിരിക്കണം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. പരാതി ലഭിച്ച തീയതി വ്യക്തമാക്കുന്ന രസീത് ഉപഭോക്താവിന് നൽകണമെന്നും, നടപടിക്രമങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഭാഷ ഉപയോഗിക്കരുതെന്നും ഏജൻസി കർശനമായി നിർദ്ദേശിക്കുന്നു.