ഐവറികോസ്റ്റിൽ ജനിച്ച് കാനഡയുടെ ദേശീയ ടീമിലേക്ക്, ഇസ്മായിൽ കോനെയുടെ അതിശയിപ്പിക്കുന്ന ജീവിതയാത്ര

By: 600110 On: Jun 23, 2026, 2:29 PM

​പശ്ചിമാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ ജനിച്ച് കാനഡയുടെ ദേശീയ ഫുട്ബോൾ ടീമിലെ പ്രമുഖ മധ്യനിര താരമായി മാറിയ ഇസ്മായിൽ കോനെയുടെ ജീവിതയാത്ര ഏവരെയും അതിശയിപ്പിക്കുന്നതാണ്. കുട്ടിക്കാലത്ത് ഐവറി കോസ്റ്റിലെ തെരുവുകളിൽ ഫുട്ബോൾ കളിച്ചു വളർന്ന ബാല്യം കോനെയുടെ പ്രതിഭയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം മോൺട്രിയാലിലെ പ്രാദേശിക യൂത്ത് ക്ലബ്ബുകളിലൂടെയാണ് തൻ്റെ കളിമികവിന് കൂടുതൽ പ്രൊഫഷണൽ അടിത്തറ പാകിയത്.

കഠിനമായ പരിശീലനങ്ങളിലൂടെയും സ്വതസിദ്ധമായ കളിമികവ് കൊണ്ടും അദ്ദേഹം വളരെ വേഗത്തിൽ പ്രൊഫഷണൽ ലീഗുകളിലേക്കും തുടർന്ന് കനേഡിയൻ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ കാനഡയുടെ മധ്യനിരയുടെ പ്രധാന കരുത്ത് ഈ യുവതാരമാണ്.അത് കൊണ്ട് തന്നെ കാനഡയുടെ സമീപകാല ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ടൂർണമെൻ്റുകളിലും മികച്ച ഫോമിലായിരുന്ന കോനെയ്ക്ക് കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കാനഡ മികച്ച വിജയം നേടിയെങ്കിലും കോനെയുടെ പരിക്ക് ടീം മാനേജ്‌മെൻ്റിനെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. ടൂർണമെൻ്റിലെ തുടർന്നുള്ള നിർണായക മത്സരങ്ങളിൽ കോനെയുടെ സാന്നിധ്യം എത്രത്തോളമുണ്ടാകുമെന്ന കാര്യത്തിൽ മെഡിക്കൽ സംഘം കൃത്യമായ വിലയിരുത്തലുകൾ നടത്തിവരികയാണ്. കാനഡ ടീമിലെ ഏറ്റവും വിശ്വസ്തനായ കളിമെനയുകാരൻ എന്ന നിലയിൽ കോനെയുടെ അഭാവം ടീമിന്റെ തന്ത്രങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഫുട്ബോൾ വിദഗ്ധരടുെ വിലയിരുത്തൽ.

എങ്കിലും ആഫ്രിക്കൻ മൈതാനങ്ങളിൽ നിന്ന് തുടങ്ങി അന്താരാഷ്ട്ര ഫുട്ബോളിൻ്റെ മുൻനിരയിലേക്ക് ഉയർന്നുവന്ന അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ കഥ യുവ കളിക്കാർക്ക് വലിയ പ്രചോദനമാണ്. ഈ പരിമിതികളെല്ലാം മറികടന്ന് വരും മത്സരങ്ങളിൽ കോനെ കൂടുതൽ ശക്തമായി മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കനേഡിയൻ ഫുട്ബോൾ ലോകവും.