കാനഡയിലെ മോൺട്രിയലിൽ ഒരു പോലീസുകാരനും സിവിലിയനും അക്രമിയും ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് ഭീകരാക്രമണമല്ലെന്ന് ക്യൂബെക്കിലെ പബ്ലിക് സെക്യൂരിറ്റി മന്ത്രി ഇയാൻ ലാഫ്രണയർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ കോട്ട്-ഡെസ്-നെയിഷസ് മേഖലയിലാണ് നഗരത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വെടിവെയ്പ്പിനെത്തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദ്ദേശവും യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു.
കെട്ടിടത്തിൻ്റെ ജനലിലൂടെ തോക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന അക്രമിയെ കണ്ട ദൃക്‌സാക്ഷി വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. തുടർന്ന് അക്രമി പോലീസിന് നേരെ ലോങ് റേഞ്ച് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ 34 വയസ്സുകാരനായ പോലീസുകാരൻ മുഹമ്മദ് ലാമിൻ ബെൻറെദുവാൻ കൊല്ലപ്പെട്ടു. മോൺട്രിയാലിൽ 2002-ന് ശേഷം ആദ്യമായാണ് ഒരു പോലീസുകാരൻ ജോലിക്കിടെ കൊല്ലപ്പെടുന്നത്. മൈക്കൽ മോഷെ മിസ്രാഹി എന്ന സിവിലിയനും അക്രമിയുടെ വെടിയേറ്റു മരിച്ചു. മോൺട്രിയാലിലെ ജൂതസമൂഹത്തിലെ സജീവ അംഗമായിരുന്നു ഇയാൾ. പൊലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഒടുവിൽ അക്രമിയും കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, അക്രമിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് അന്വേഷിച്ച് വരികയാണ്. ദുരന്തത്തിൽ മരിച്ചവരുടെ ആദരസൂചകമായി മോൺട്രിയാൽ സിറ്റി ഹാളിലെയും ക്യൂബെക്ക് നാഷണൽ അസംബ്ലിയിലെയും ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ക്യൂബെക്ക് പ്രീമിയർ, മോൺട്രിയാൽ മേയർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.