കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന

By: 600110 On: Jun 23, 2026, 1:55 PM

കാനഡയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി. 'സ്റ്റാറ്റിസ്റ്റിക്സ് കാനഡ' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ൻ്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 30,092 പേരാണ് കാനഡ വിട്ടുപോയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിൻ്റെ ആദ്യ പാദത്തിൽ ഇത്രയധികം ആളുകൾ രാജ്യം വിടുന്നത്.

താൽക്കാലിക താമസക്കാരായ ഒട്ടനവധി പേരും രാജ്യം വിടുകയാണ്. ഈ വർഷം ആദ്യ പാദത്തിൽ 1,99,259 താൽക്കാലിക താമസക്കാർ രാജ്യം വിട്ടപ്പോൾ, പുതുതായി എത്തിയത് 81,380 പേർ മാത്രമാണ്. പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങളും ഉയർന്ന ജീവിതച്ചെലവും കാരണം കാനഡയുടെ ആകെ ജനസംഖ്യയിൽ 2026-ൻ്റെ ആദ്യ പാദത്തിൽ 55,025 പേരുടെ കുറവുണ്ടായി. 2026 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യ 41,417,056 ആയി ചുരുങ്ങി. തുടർച്ചയായ രണ്ടാം പാദത്തിലാണ് കാനഡയിൽ ജനസംഖ്യ താഴോട്ട് പോകുന്നത്.

2025-ൽ ആകെ 1,20,640 പേർ കാനഡ വിട്ടിരുന്നു. 1952 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ ഏറ്റവും ഉയർന്ന വാർഷിക നിരക്കാണിത്. 1960-കളിൽ മികച്ച ശമ്പളം തേടി കാനഡയിലെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും കൂട്ടത്തോടെ അമേരിക്കയിലേക്ക് കുടിയേറിയ കാലത്തെക്കാൾ വലിയ ഒഴുക്കാണ് ഇപ്പോൾ നടക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒൻ്റാരിയോയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത്. ഉയർന്ന ഭവനച്ചെലവാണ് ഇതിന് പ്രധാന കാരണം.

അതേസമയം, മികച്ച തൊഴിലവസരങ്ങളുള്ള ആൽബർട്ട പ്രവിശ്യയിലേക്ക് കാനഡയ്ക്കുള്ളിൽ നിന്ന് തന്നെ ആളുകൾ കൂട്ടമായി മാറുന്നുണ്ട്. കഴിഞ്ഞ 15 പാദങ്ങളായി ആൽബർട്ടയാണ് ആഭ്യന്തര കുടിയേറ്റത്തിൽ മുന്നിൽ. കാനഡയിലെ ശരാശരി വീടുവില 6.5 ലക്ഷം ഡോളറാണ്. ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ ഇത് 10 ലക്ഷത്തിന് മുകളിലാണ്. വാടകയും സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. കാനഡയിലേക്ക് പുതിയ ആളുകളെ എത്തിക്കുന്നതിനേക്കാൾ, നിലവിലുള്ളവരെ രാജ്യത്ത് നിലനിർത്തുക എന്നതാണ് ഇപ്പോൾ കനേഡിയൻ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.