'ബിൽ C-14' നിയമമായി, ജൂലൈ 15 മുതൽ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും

By: 600110 On: Jun 23, 2026, 1:42 PM

രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ക്രിമിനൽ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്തുന്ന 'ബിൽ C-14' (Bail and Sentencing Reform Act) കാനഡയിൽ നിയമമായി. തിങ്കളാഴ്ചയാണ് ഈ ബില്ലിന് ഔദ്യോഗികമായി റോയൽ അസെൻ്റ് ലഭിച്ചത്. ജൂലൈ 15 മുതൽ ഈ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും.

കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാനും ജാമ്യവ്യവസ്ഥകൾ കൂടുതൽ കടുപ്പമുള്ളതാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമനിർമ്മാണം. സാധാരണയായി ഒരാൾക്ക് ജാമ്യം നൽകരുതെന്ന് സ്ഥാപിക്കേണ്ട ചുമതല പ്രൊസിക്യൂഷനാണ്. എന്നാൽ പുതിയ നിയമപ്രകാരം, കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ തങ്ങൾക്ക് എന്ത് കൊണ്ട് ജാമ്യം നൽകണം എന്ന് കോടതിക്ക് മുന്നിൽ സ്വയം തെളിയിക്കേണ്ടി വരും. കാർ മോഷണം, മനുഷ്യക്കടത്ത്, സായുധ ആക്രമണങ്ങൾ എന്നിവ നടത്തുന്നവർക്കാണ് ഈ കടുത്ത ജാമ്യവ്യവസ്ഥ ബാധകമാകുക.

ക്രിമിനൽ കോഡ് ഉൾപ്പെടെയുള്ള പ്രധാന നിയമങ്ങളിൽ 80-ലധികം ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ, ഗുണ്ടാസംഘങ്ങൾ , ഭീഷണിപ്പെടുത്തി പണം തട്ടുന്നവർ, കാർ മോഷണം നടത്തുന്നവർ എന്നിവർക്ക് ഇനി മുതൽ കഠിനമായ ശിക്ഷ ലഭിക്കും. ഒന്നിലധികം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഒന്നിന് പുറകെ ഒന്നായി ശിക്ഷ അനുഭവിക്കേണ്ടി വരുന്ന 'കോൺസിക്യൂട്ടീവ് സെൻ്റൻസിങ്'   രീതിയും നടപ്പിലാക്കും.

തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് ജാമ്യത്തിലിറങ്ങുന്നവരെ തളയ്ക്കാൻ ഈ നിയമം സഹായിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പലപ്പോഴും ഒരേ കുറ്റവാളികളെ തന്നെ പോലീസിന് വീണ്ടും വീണ്ടും പിടികൂടേണ്ടി വരാറുണ്ട്. പുതിയ നിയമം വഴി ഇവരെ ജയിലിനുള്ളിൽ തന്നെ നിർത്താൻ സാധിക്കുമെന്ന് പോലീസ് മേധാവികൾ അറിയിച്ചു. ഫെഡറൽ സർക്കാരും പ്രവിശ്യാ സർക്കാരും ഒന്നിച്ച് എടുത്ത ഈ തീരുമാനം പൊതുജനങ്ങളുടെയും പോലീസുകാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.