പാർക്കിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരെ അതിക്രമം കാണിക്കുകയും കളിക്കാരൻ്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ വാൻകൂവർ പോലീസ് അറസ്റ്റ് ചെയ്തു. കിറ്റ്സിലാനോയിലെ കോണാട്ട് പാർക്കിൽ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്.
പാർക്കിൽ ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ, പ്രതി പിച്ച് മുറിച്ചുകടക്കുകയും കളി തുടർച്ചയായി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കളിക്കാരും അവിടെയുണ്ടായിരുന്ന കാണികളും ഇയാളോട് മാറിപ്പോകാൻ ആവശ്യപ്പെട്ടതോടെ പ്രതി അക്രമാസക്തനാവുകയും ചീത്തവിളിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് 37 വയസ്സുകാരനായ ഒരു കളിക്കാരനെ ഇയാൾ മർദ്ദിക്കുകയും, കൈയ്യിൽ കരുതിയിരുന്ന 'ബെയർ-സ്പ്രേ' അഞ്ച് പേർക്ക് നേരെ പ്രയോഗിക്കുകയും ചെയ്തു.
അക്രമത്തിന് ശേഷം ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ കളിക്കാർ പിന്തുടർന്നു. എന്നാൽ വഴിയിൽ വെച്ച് വീണ്ടും സ്പ്രേ പ്രയോഗിച്ച പ്രതി, പിന്തുടർന്ന 37-കാരനെ നിലത്തുതള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് കളിക്കാരൻ്റെ കൈ ഒടിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി.
പരിക്കേറ്റ കളിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. മുൻപും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ള പ്രതിയെ, കടുത്ത നിബന്ധനകളോടെ പോലീസ് വിട്ടയച്ചു. പരിക്കേറ്റവരുമായി യാതൊരുവിധത്തിലും സമ്പർക്കം പുലർത്തരുത് എന്നും, നിർദ്ദിഷ്ട പ്രദേശങ്ങളിൽ പ്രവേശിക്കരുത് എന്നും ഇയാൾക്ക് കർശന നിർദ്ദേശമുണ്ട്. പ്രതിയെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കുമെന്ന് വാൻകൂവർ പോലീസ് അറിയിച്ചു.