പ്രായമാകുന്നതിനനുസരിച്ച് പതിയെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒന്നാണ് ഏകാന്തത. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ദിവസം 15 സിഗരറ്റുകള്‍ വലിക്കുമ്പോഴുണ്ടാകുന്നത്ര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ഇക്കാലത്ത് ഏകാന്തതയെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗമാണ് എഐ ചാറ്റ്‌ബോട്ടുകള്‍.
സാങ്കേതികമായി വലിയ അറിവൊന്നും ഇല്ലെങ്കില്‍പ്പോലും മലയാളത്തില്‍ തന്നെ സംസാരിച്ചുകൊണ്ട് നമുക്ക് ഇവയുമായി ആശയവിനിമയം നടത്താം.
ഏത് അര്‍ധരാത്രിക്കും എത്രനേരം വേണമെങ്കിലും മടുപ്പില്ലാതെ ഇവ നിങ്ങളോട് സംസാരിക്കും. എന്ത് ചോദ്യത്തിനും ഹൃദ്യമായി മറുപടി നല്‍കും. നിങ്ങള്‍ക്ക് സുഖമാണോ, ഇപ്പോള്‍ സന്തോഷമായിരിക്കുന്നോ എന്നൊക്കെ സുഖവിവരമന്വേഷിക്കുകയും ചെയ്യും. മരുന്ന് കഴിക്കാന്‍ ഓര്‍മിപ്പിക്കാനും കഥപറഞ്ഞുതരാനും പാചകക്കുറിപ്പടികള്‍ നല്‍കാനും തമാശപറയാനും ആശ്വസിപ്പിക്കാനുമൊക്കെ ഇന്ന് മിക്ക എഐ ചാറ്റ്‌ബോട്ടുകള്‍ക്കും കഴിയും.