എഡ്മൻ്റണിൽ മഴയെ തുടർന്ന് ജനജീവിതം സ്തംഭിച്ചു, പലയിടങ്ങളിലും ജാഗ്രതാനിർദ്ദേശം

By: 600110 On: Jun 23, 2026, 1:13 PM

 

എഡ്മൻ്റൺ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. സാധാരണയായി ജൂൺ മാസം മുഴുവൻ ലഭിക്കേണ്ട മഴയാണ് കഴിഞ്ഞ ഒരു വാരാന്ത്യം കൊണ്ട് മാത്രം ഇവിടെ പെയ്തിറങ്ങിയത്. ഇതോടെ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ പൂർണ്ണമായും നിറഞ്ഞുകവിഞ്ഞു. പലയിടങ്ങളിലും  ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജൂൺ മാസത്തിൽ സാധാരണ 69.9 mm മഴ ലഭിക്കാറുള്ള സ്ഥാനത്ത്, ഇത്തവണ ഇതുവരെ 189 mm-ൽ അധികം മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മഴയാണിത്. വരും ദിവസങ്ങളിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മഴയെ തുടർന്ന് നോർത്ത് സസ്‌കാച്ചെവൻ നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയും ഒഴുക്ക് ഇരട്ടിയാവുകയും ചെയ്തിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ബോട്ട് സർവീസുകളും നദീതീരത്തെ പ്രധാന നടപ്പാതകളും താൽക്കാലികമായി അടച്ചു.  

പീറ്റർ ഹെമിംഗ്വേ അക്വാറ്റിക് സെന്റർ വെള്ളപ്പൊക്കം മൂലം അടച്ചു. നഗരത്തിലെ കളിസ്ഥലങ്ങളും ഗോൾഫ് കോഴ്‌സുകളും ചെളി നിറഞ്ഞതിനെ തുടർന്ന് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. കനത്ത മഴ നിർമ്മാണ പ്രവർത്തനങ്ങളെയും ടാറിംഗിനെയും ബാധിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജലത്തിൻ്റെ ഉപയോഗം കുറയ്ക്കണമെന്ന്  എഡ്മന്റൺ മേയർ ആൻഡ്രൂ നാക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു.  അപകടസാധ്യതയുള്ളതിനാൽ നഗരത്തിലെ തടാകങ്ങൾക്കും ജലാശയങ്ങൾക്കും അരികിലേക്ക് പൊതുജനങ്ങൾ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.