നടനം തീർന്ന് തിരശ്ശീല വീഴുമ്പോൾ~ ഡിബിൻ റോസ് ജേക്കബ് എഴുതുന്നു
ആസ്വാദകന്റെ ആയുസ്സിനെ ദിനംപ്രതി ധന്യമാക്കുന്ന കലാകായിക മേഖലയിലെ പ്രതിഭകൾ ഒരു ദിവസം കാലത്തിന്റെ തിരശ്ശീലയുടെ പിന്നിലേക്ക് മറയുമ്പോൾ വിയോഗം എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിക്കാറുണ്ട്. നടനത്തിലൂടെ നൃത്തത്തിലൂടെ കേളിയിലൂടെ അവർ നമ്മെ ആനന്ദിപ്പിച്ചിരുന്നു, പ്രചോദിപ്പിരുന്നു; അവരിൽ നാം നമ്മെ കണ്ടിരുന്നു. അറുപതാം ജന്മദിനത്തിൽ മോഹൻലാൽ പറഞ്ഞു- 'ജരാനരകൾ ബാധിക്കും, മരിക്കും; പ്രകൃതി നിയമമാണ്.'
ഉറപ്പുള്ള ഒരേയൊരു കാര്യമാണ് മരണം. മരിച്ചതിനു ശേഷമാകും പലരും ശരിയായി വിലയിരുത്തപ്പെടുക.
മരണം എന്ന പൂർണ വിരാമമാണ് ഒരു ജീവീതത്തെ മഹത്തായ ഒരു നോവൽ പോലെ വായിക്കാൻ പ്രാപ്തമാക്കുക. നെടുമുടി വേണുവിന്റെ അസാധാരണ മികവുള്ള അഭിനയ പരമ്പരയിൽ നിന്ന് തികച്ചും വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ്. മൂന്നു വേഷങ്ങൾ -
1. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.
ഏകാന്തതയും വിരസതയും വാൽസല്യവും ആനന്ദവും വിരഹവും വേദനയും പ്രതീക്ഷയും പെയ്തു തീരുന്ന വൃദ്ധ അധ്യാപകന്റെ ഇരവ് പകലുകൾ. അഭിനയിച്ചു ഫലിപ്പിച്ചത് യൗവനത്തിൽ.
2. ചമ്പക്കുളം തച്ചൻ.
ഷേക്സ്പിയർ ദുരന്ത നാടകം 'ഒഥല്ലോ' യുടെ ഫീൽ ഗുഡ് വെർഷൻ. ശാരീരികമായി ദുബലനെങ്കിലും അസൂയാലുവും കൗശലക്കാരനുമായ കുട്ടനാടൻ 'ഇയാഗോ' വേണുവിന്റെ കയ്യിൽ ഭദ്രം.
3. ചിത്രം.
ആൾമാറാട്ട നാടകത്തിന്റെ സൂത്രധാരൻ. 'ചോദിച്ച പണം തന്നില്ലെങ്കിൽ, അതിന്റെ പ്രത്യാഘാതകം നേരിടേണ്ടി വരും!'
പ്രകോപിതനാകുന്ന മോഹൻലാലിനോട് പ്രത്യാഘാതം, മേഘത്തിന്റെ 'ഘ' എന്നു മറുപടി പറയുന്ന നെടുമുടി.
റേഞ്ച് എന്നാൽ മേക്കപ്പിൽ കാണിക്കുന്ന ചെപ്പടി വിദ്യയാണെന്ന് തെറ്റിദ്ധാരണയുണ്ട്. കഥാപാത്രങ്ങളുടെ വ്യക്തിത്വവും പരിസരവും ആഴത്തിൽ അറിഞ്ഞു ചെയ്യുന്ന അഭിനയത്തിന്റെ റേഞ്ച്, അതൊന്നു വേറെ. നെടുമുടി ആ അപൂർവ ഗണത്തിൽ പെടുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരുടെ നിരയിലാണ് നെടുമുടി വേണുവിന്റെ സ്ഥാനം.
എങ്കിലും ജീവിച്ച കാലത്ത് മഹാനടൻ എന്ന് വിശേഷിക്കപ്പെട്ടില്ല. ഇപ്പോൾ അങ്ങനെ വാഴ്ത്തുകൾ തുടങ്ങുന്നു. നേരത്തെ വാഴ്ത്താതിരുന്നത് നന്നായി, അവനവൻ കടമ്പയിൽ കുടുങ്ങിയേനെ. എങ്കിലും നമ്മുടെ കറതീർന്ന കലാകാരന്മാരെ വേണ്ട വിധം ആദരിക്കാൻ നമ്മൾ പിന്നിലാണ്. 'മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ ഇതിഹാസമാണ് നെടുമുടിയും' എന്നിപ്പോൾ ഉറ്റ ചങ്ങാതിയായ ഫാസിൽ പറയുന്നു. ഒരു തവണയെങ്കിലും ഇത് നേരത്തെ പറയാമായിരുന്നു. പക്ഷേ ഫാസിലിന്റെ മുമ്പിൽ 'മമ്മൂട്ടിയോ മോഹൻലാലോ കേമൻ?' എന്ന ചോദ്യമേ വരാറുള്ളൂ. അതിനപ്പുറം ഒരു തെരഞ്ഞെടുപ്പ് ഇല്ലാത്തതു പോലെ. ഗോപിയും തിലകനും നെടുമുടിയും ജഗതിയും പരിഗണനയിൽ ഇല്ല.
രണ്ട് സൂപ്പർതാരങ്ങളുടെ താരശോഭയോട് ചേർത്താണ് അവരുടെ അഭിനയ മികവിനെ പരിഗണിക്കുന്നത്. പ്രതിഫലം, കളക്ഷൻ, ബ്രാൻഡ് മൂല്യം, വിലകൂടിയ കാറുകൾ എന്നിവയെ ആധാരമാക്കി മൽസരവും ആരാധനയും ആരാധകരുടെ ഗോത്രീയതയും മുറുകും. അന്തിമ വിശകലത്തിൽ അവർ മികച്ച നടന്മാരായിരുന്നോ എന്നതാണ് പ്രസക്തം. പക്ഷേ ആ ചോദ്യം ഇപ്പോൾ പിന്നോട്ട് നീങ്ങിയിരിപ്പാണ്. അതുകൊണ്ട് സൂപ്പർതാര ജന്മദിന കോലാഹലം പൊതുശല്യമായി മാറുന്നു, മാഷപ്പ് തട്ടി നടക്കാൻ പറ്റാത്ത സ്ഥിതിയാകുന്നു. നെടുമുടിക്കു വേണ്ടി മാഷപ്പ് ചെയ്യാൻ ആരെയും കിട്ടാതാകുന്നു.
'നെടുമുടി നെറ്റ് വർത്ത്' എന്നൊക്കെ ഗൂഗിൾ സെർച്ച് കാണേണ്ടി വരുന്നു. നാടകവും സിനിമയും സംഗീതവും ലളിത കലകളും ശ്രേഷ്ഠ കലകളും ചേർന്ന ഒരു മനുഷ്യന്റെ മൂല്യം രൂപയിൽ അളക്കാൻ ശ്രമിക്കുന്നവർ!
സമൂഹത്തിന്റെ മുൻഗണനയിൽ വന്ന വ്യത്യാസം താരാരാധനയിലും പ്രതിഫലിക്കുന്നു.
എഴുത്തുകാരും സാഹിത്യ വിമർശകരും കലാകാരന്മാരും ആദരിക്കപ്പെട്ടിരുന്ന, വായന സംസ്ക്കാരം നിലനിന്നിരുന്ന സമൂഹവും ക്യാംപസുകളും ഇന്ന് ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്.
നായക കേന്ദ്രീകൃത സിനിമകൾ ഇതര നടന്മാരുടെ അതിജീവനം കഠിനമാക്കുന്നു. സഹനടൻ, വില്ലൻ, ഹാസ്യനടൻ എന്നിങ്ങനെ തരംതിരിച്ച് അവരെ തടവിലാക്കുന്നു. അവസരം കിട്ടിയാൽ ബന്ധനം തകർത്തു പുറത്തു ചാടി, സഹനടൻ നായകനെ നിഷ്പ്രഭനാക്കിയ അവസരങ്ങളുമുണ്ട്. അപകടം മണക്കുന്ന നായകൻ ഇത് പ്രോൽസാഹിപ്പിക്കില്ല. പുരുഷ മേധാവിത്വ സമൂഹത്തിലെ സിനിമയിൽ, നായികക്ക് ആടിപ്പാടുക എന്നതിലപ്പുറം അവസരം കിട്ടുന്നത് അപൂർവമാണ്. കിട്ടിയപ്പോൾ പ്രതിഭയുള്ള നടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.
യുവത്വം ആഘോഷിക്കേണ്ടതും വാർധക്യം വെറുക്കേണ്ടതുമാണെന്ന പൊതുബോധം സിനിമയുടെ ഭാഗമാണ്.
അതിനാൽ വൃദ്ധൻ നായകനാവുന്നതും അപൂർവ്വം.അത്തരം കഥകൾ എഴുതപ്പെടുന്നില്ല. ജീവിതത്തിന്റെ സ്വാഭാവിക പരിണതിയുടെ സാന്ധ്യശോഭ പ്രമേയമാകുന്ന എത്രയോ സിനിമകൾ ലോകഭാഷകളിലുണ്ട്. മലയാളത്തിലെ അത്തരമൊരു സിനിമയിലെ നായകൻ നെടുമുടിയാണ് എന്നത് യാദൃശ്ചികമല്ല. പക്ഷെ താര പ്രതിഛായയിൽ പെട്ടുപോയാൽ പരിമിതിയുണ്ട്. അതുകൊണ്ട് ഹോളിവുഡിൽ തൊണ്ണൂറുകാരൻ ക്ളിന്റ് ഈസ്റ്റ് വുഡ് പ്രായത്തിനു ചേർന്ന വേഷത്തിൽ തകർത്തഭിനയിക്കുമ്പോൾ നമ്മുടെ താരങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ പ്രച്ഛന്ന വേഷം കെട്ടേണ്ടി വരുന്നു.
മമ്മൂട്ടിയും മോഹൻലാലും അതുല്യ പ്രതിഭകളാണ് എന്നതിൽ തർക്കമില്ല. പക്ഷേ മലയാള സിനിമ അവരിൽ തുടങ്ങി
അവരിൽ അവസാനിക്കില്ല. അവരുടെ താരശോഭ കച്ചവട സിനിമയ്ക്ക് ഗുണം ചെയ്തു. പക്ഷേ നടന്മാർ എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഗോപിയും തിലകനും നെടുമുടിയും ജഗതിയും അവർക്കിടയിൽ കയറി വരാതെ തരമില്ല. ഇത് ലാലിനും മമ്മൂട്ടിക്കും വ്യക്തമായി അറിയാം. മറ്റു നാൽവരോടുള്ള ബഹുമാനം അവർ മറച്ചു വയ്ക്കാറില്ല, വേണുവിന്റെ വിയോഗത്തിൽ
ആർദ്രമായ രണ്ട് കുറിപ്പുകൾ അവരാണ് എഴുതിയത്. 'ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്' എന്ന പോലെ ഇനി ജഗതിയുണ്ട്. അഭിനയം പൂർത്തിയായി, ജീവിതം ബാക്കിയുണ്ട്. ആരായിരുന്നു ജഗതിയെന്ന് ഇപ്പോൾ അടയാളപ്പെടുത്താം, മരണം വരെ കാത്തിരിക്കേണ്ടതില്ല.
~ഡിബിൻ റോസ് ജേക്കബ്