ഇന്ധന-ഭക്ഷണ വിലക്കയറ്റം: കാനഡയിൽ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നു

By: 600110 On: Jun 23, 2026, 12:38 PM

കാനഡയിൽ ഇന്ധനം, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്ന് മേയ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 0.4 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായത്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതും മൂലം അന്താരാഷ്ട്രതലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ ക്ഷാമമാണ് ഇന്ധനവില ഉയരാൻ കാരണമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ മാത്രം 33.2 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് കാനഡക്കാർ ഇപ്പോൾ നൽകേണ്ടി വരുന്നത്. ഇന്ധനവില കൂടിയതോടെ വിമാനയാത്രാ നിരക്കുകളും 7.4 ശതമാനം വർദ്ധിച്ചു. കാനഡയിൽ തുടർച്ചയായ 16-ാം മാസമാണ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം പൊതു പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നു നിൽക്കുന്നത് (4.4% വർദ്ധനവ്). പച്ചക്കറികൾക്ക് ഒൻപത് ശതമാനവും പഴവർഗ്ഗങ്ങൾക്ക് 5.3 ശതമാനവും വില കൂടി. ഇതിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് തക്കാളി വിലയിലാണ്. ഒറ്റവർഷം കൊണ്ട് തക്കാളിക്ക് 45.2 ശതമാനമാണ് വില കൂടിയത്.

 തക്കാളിക്കായി കാനഡ പ്രധാനമായും ആശ്രയിക്കുന്നത് മെക്സിക്കോയെയാണ്. എന്നാൽ മെക്സിക്കോയിലുണ്ടായ മോശം കാലാവസ്ഥ വിളവിനെ ബാധിച്ചു. കൂടാതെ, മെക്സിക്കൻ തക്കാളിക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ 17% നികുതിയെ തുടർന്നുണ്ടായ അനിശ്ചിതത്വം മൂലം കർഷകർ ഇത്തവണ കൃഷി കുറച്ചു. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ തക്കാളിക്ക് കടുത്ത ക്ഷാമം നേരിടുകയും വില കുതിച്ചുയരുകയും ചെയ്തു. ശൈത്യകാലത്ത് കാനഡയിലേക്ക് ഇവ എത്തിക്കാനുള്ള ഉയർന്ന ചരക്കുകൂലിയും വിലക്കയറ്റത്തിന് ആക്കം കൂട്ടി.

വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പത്തിൻ്റെ പ്രധാന കാരണങ്ങൾ രാജ്യത്തിന് പുറത്തുള്ളതാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ധനം, ഭക്ഷണം എന്നിവയൊഴിവാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.6 ശതമാനം മാത്രമാണ്.  കൂടാതെ, വീട്ടുവാടകയും വീടുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്നതും ആശ്വാസകരമാണ്.