ഖത്തര്‍ ഗ്യാസ് ഫാക്ടറിയില്‍ സ്‌ഫോടനം: 13 മരണം; 12 പേരും ഇന്ത്യക്കാര്‍ 

By: 600002 On: Jun 23, 2026, 12:27 PM

 


ഖത്തര്‍ റാസ് ലഫാന്‍ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. മരിച്ചവരുടെ കുടുംബങ്ങളുമായി സര്‍ക്കാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. 

പരുക്കേറ്റ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശയവിനിമയം തുടരുകയാണെന്നും എല്ലാ സകയാവും നല്‍കുമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കോഴിക്കോട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിരുന്നു. 

ഞായറാഴ്ച രാത്രിയാണ് റാസ് ലഫാന്‍ വ്യവസായ മേഖലയില്‍ സ്‌ഫോടനം ഉണ്ടായത്. എല്‍എന്‍ജി നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്.