പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്‌ലിനില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അഡള്‍ട്ട് ഡേ കെയര്‍ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് 38 മില്യണ്‍ ഡോളര്‍ (ഏകദേശം 325 കോടി) വിലമതിക്കുന്ന മെഡിക്കെയ്ഡ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ വംശജനായ അമേരിക്കന്‍ വ്യവസായി പെര്‍വേസ് സിദ്ദിഖി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ഫെഡറല്‍ അധികൃതര്‍ കുറ്റം ചുമത്തി.
2019 മുതല്‍ 2025 വരെ നീണ്ടുനിന്നതായി ആരോപിക്കപ്പെടുന്ന പദ്ധതിയില്‍, അഡള്‍ട്ട് ഡേ കെയര്‍ സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്കോ വളരെ അപൂര്‍വമായി മാത്രം സേവനം ഉപയോഗിച്ചവര്‍ക്കോ വേണ്ടി വ്യാജ ഹാജര്‍ രേഖകള്‍ തയ്യാറാക്കി മെഡിക്കെയ്ഡില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ അനധികൃതമായി കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ചില മെഡിക്കെയ്ഡ് ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ പേര് നിലനിര്‍ത്തുന്നതിനായി പണം നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം മറച്ചുവെക്കാന്‍ ഷെല്‍ കമ്പനികള്‍ ഉപയോഗിക്കുകയും 'ഗിഫ്റ്റ്', 'മെഡിസിന്‍', 'ലഡ്ഡു' തുടങ്ങിയ കോഡ് വാക്കുകള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ കേസ് അന്വേഷിച്ചുവരികയാണ്. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ദീര്‍ഘകാല തടവുശിക്ഷയും വന്‍ സാമ്പത്തിക പിഴയും നേരിടേണ്ടി വരും.