പി പി ചെറിയാന്‍
കൊളംബിയ: കൊളംബിയയില്‍ നടന്ന ശക്തമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ളയാളുമായ അബെലാര്‍ഡോ ഡി ലാ എസ്പ്രിയേല പ്രാഥമിക വോട്ടെണ്ണലില്‍ നേരിയ വിജയം നേടി. 99.91% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അബെലാര്‍ഡോ 49.65% വോട്ടുകളും, ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായ ഇവാന്‍ സെപെഡ 48.71% വോട്ടുകളും നേടി. കേവലം 2.5 ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്.
ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും അന്തിമ വോട്ടെണ്ണല്‍ വരുന്നത് വരെ കാത്തിരിക്കണമെന്നും തോല്‍വി സമ്മതിക്കാതെ ഇവാന്‍ സെപെഡയും നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോയും വ്യക്തമാക്കി. എന്നാല്‍ ട്രംപ് തന്നെ ഫോണില്‍ വിളിച്ച് വിജയാശംസകള്‍ നേര്‍ന്നതായും രാജ്യത്ത് മാറ്റത്തിന്റെ ചരിത്രം കുറിക്കുമെന്നും അബെലാര്‍ഡോ അവകാശപ്പെട്ടു.
ക്രിമിനലുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അബെലാര്‍ഡോയുടെ വിജയം കൊളംബിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറന്നേക്കും.