പ്രസാദ് തീയാടിക്കല്‍
മിഷിഗണ്‍: അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യന്‍ യുവാവായ ചന്ദന്‍ ടയാല്‍ (27) അറസ്റ്റിലായി.
ജൂണ്‍ 11-ന് പുലര്‍ച്ചെയായിരുന്നു സംഭവം. മിഷിഗണിലെ ബ്ലൂ വാട്ടര്‍ ബ്രിജ് അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കായി വാഹനം തടഞ്ഞപ്പോള്‍ യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) ഉദ്യോഗസ്ഥര്‍ വാഹനത്തിനുള്ളിലെ രണ്ട് പെട്ടികളില്‍ സംശയം തോന്നി.
പെട്ടികളില്‍ വിസ്‌കോണ്‍സിനില്‍ നിന്ന് കാനഡയിലെ ബ്രാംപ്ടണിലേക്ക് കൊണ്ടുപോകുന്ന മരപ്പലകകളും ചീസ് പൗഡറുമാണെന്ന് ചന്ദന്‍ ടയാല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിശദമായ പരിശോധനയില്‍ പെട്ടികള്‍ക്കുള്ളില്‍ വാക്വം-സീല്‍ ചെയ്ത് പൊതിഞ്ഞ 55 കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെത്തി.
ആദ്യ പെട്ടിയില്‍ ഏകദേശം 27.47 കിലോഗ്രാം ഭാരമുള്ള 25 പാക്കറ്റുകളും, രണ്ടാമത്തെ പെട്ടിയില്‍ 33.03 കിലോഗ്രാം ഭാരമുള്ള 30 പാക്കറ്റുകളും കണ്ടെത്തി. ആകെ പിടിച്ചെടുത്ത കൊക്കെയ്ന്‍ ഏകദേശം 60.5 കിലോഗ്രാമാണെന്ന് അധികൃതര്‍ അറിയിച്ചു.
തനിക്ക് മയക്കുമരുന്നിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും വാഹനം യാത്രതിരിക്കുന്നതിന് മുമ്പ് കമ്പനി തന്നെ അത് സീല്‍ ചെയ്യുന്നത് കണ്ടിരുന്നുവെന്നും ചന്ദന്‍ ടയാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേരിസ്വില്‍ പൊലീസ് കെ-9 വിഭാഗത്തിലെ പരിശീലനം ലഭിച്ച നായ മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
അറസ്റ്റിലായ ചന്ദന്‍ ടയാലിനെ നിലവില്‍ സെയിന്റ് ക്ലേയര്‍ കൗണ്ടി ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.