പി പി ചെറിയാന്‍
ചിക്കാഗോ: ചിക്കാഗോയിലെ സൗത്ത് സൈഡിലുണ്ടായ വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 19-ന് രാത്രി 11 മണിയോടെയാണ് സംഭവം. റോഡരികില്‍ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്യുവിയിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍ 17-നും 47-നും ഇടയില്‍ പ്രായമുള്ളവരാണുള്ളത്. ഇതില്‍ 17 വയസുകാരനായ ആണ്‍കുട്ടിയുടെയും 26 വയസുകാരന്റെയും നില ഗുരുതരമാണ്. സംഭവത്തില്‍ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മിഷേല്‍ ഒബാമയുടെയും സാന്നിധ്യത്തില്‍ ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ചടങ്ങുകള്‍ നടന്ന സ്ഥലത്തിന് ഏതാനും മൈലുകള്‍ മാത്രം അകലെയാണ് വെടിവെപ്പുണ്ടായത്. ജൂണ്‍ടീന്ത് (Juneteenth) ആഘോഷങ്ങളുടെയും ഫാദേഴ്‌സ് ഡേ വാരാന്ത്യത്തിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.