പി പി ചെറിയാന്‍
ഡാല്ലസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാല്ലസ് സ്റ്റേഡിയത്തിന് മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ ഹോണ്ടുറാസ് സ്വദേശിയായ ലൂയിസ് മൗറിസിയോ ഫ്‌ലോറസ് ഓര്‍ഡോണസ് (33) എന്നയാള്‍ക്കെതിരെ യുഎസ് ഫെഡറല്‍ അധികൃതര്‍ കേസെടുത്തു. വിലക്കുള്ള വ്യോമമേഖലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണ്‍ പറത്തിയതിനാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
എഫ്.ബി.ഐയുടെ ഡ്രോണ്‍ വിരുദ്ധ നിരീക്ഷണ സംവിധാനമാണ് നിയമലംഘനം കണ്ടെത്തിയത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കിടെ മാത്രം ഇരുപതിലധികം അനധികൃത ഡ്രോണുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ മത്സരം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ വരെ സ്റ്റേഡിയങ്ങള്‍ക്ക് മുകളില്‍ കടുത്ത വിമാനവിലക്ക് (No-Fly Zone) ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.