ടോയ്‌ലറ്റ് വരെ കഴുകി .... ഇന്ന്  150 കോടിയുടെ ആസ്തിയിലേക്ക്; ഗിപ്പി ഗ്രെവാളിൻ്റെ അതിശയിപ്പിക്കുന്ന ജീവിതവിജയം

By: 600110 On: Jun 22, 2026, 6:48 AM

പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ഗിപ്പി ഗ്രെവാളിൻ്റെ ഇന്നത്തെ ആഡംബര ജീവിതത്തിന് പിന്നിൽ  ദാരിദ്ര്യത്തിന്റെയും അതിജീവനത്തിൻ്റെയും വലിയൊരു കഥയുണ്ട്. ആദ്യകാലത്ത് സംഗീത ആൽബങ്ങൾ നിർമ്മിക്കാനായി വലിയ തുക കടം വാങ്ങിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹം ഉപജീവനത്തിനായി കാനഡയിലേക്ക് കുടിയേറി.

ആദ്യകാലങ്ങളിൽ  1200 രൂപയ്ക്കായി മാളുകളിൽ ടോയ്‌ലറ്റുകൾ വരെ  വൃത്തിയാക്കി. ഫുഡ് കോർട്ടുകളിൽ പ്ലേറ്റുകൾ കഴുകിയും തറ തുടച്ചും അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയി. തന്റെ ഈ കഠിനയാത്രയിൽ പങ്കാളിയായ ഭാര്യ രവനീത് കൗറിൻ്റെ പിന്തുണയെക്കുറിച്ച് ഗിപ്പി ഗ്രെവാൾ അടുത്തിടെ ഒരു അഭിമുഖത്തിൽ വൈകാരികമായി പങ്കുവെക്കുകയുണ്ടായി. കാനഡയിലെ കഠിനമായ തണുപ്പിൽ പുലർച്ചെ നാല് മണിക്ക് സെക്യൂരിറ്റി ഗാർഡിൻ്റെ ജോലി കഴിഞ്ഞിറങ്ങുന്ന ഗിപ്പി, ഭാര്യയോടൊപ്പം വീടുവീടാന്തരം കയറിയിറങ്ങി പത്രങ്ങൾ വിതരണം ചെയ്യുമായിരുന്നു. എന്നാൽ ആ ദുരിതകാലത്തും പരസ്പരം സംസാരിക്കാനും ഒന്നിച്ചിരിക്കാനും ലഭിച്ച നല്ല നിമിഷങ്ങളായാണ് ആ പത്രവിതരണ സമയത്തെ അവർ കണ്ടിരുന്നത്.

കുറഞ്ഞ ശമ്പളമുള്ള മറ്റ് ജോലികളേക്കാൾ മാളിലെ ശുചീകരണ ജോലിക്ക് കൂടുതൽ പണം ലഭിച്ചിരുന്നതിനാലാണ് താൻ ആ ജോലി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ 'ഫുൽകാരി' എന്ന ഗാനം ഹിറ്റായതോടെയാണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത്. തുടർന്ന് ഹണി സിംഗിനൊപ്പമുള്ള 'അംഗ്രേസി ബീറ്റ്' എന്ന തകർപ്പൻ ഗാനത്തിലൂടെ അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധേയനായി.

ഇന്ന് പഞ്ചാബി സിനിമാ-സംഗീത ലോകത്തെ ഏറ്റവും ജനപ്രിയനായ താരങ്ങളിൽ ഒരാളായ ഗിപ്പി ഗ്രെവാളിന് 2026-ലെ കണക്കുകൾ പ്രകാരം 120 കോടി മുതൽ 150 കോടി രൂപ വരെയാണ് ആസ്തിയുള്ളത്. കഠിനാധ്വാനവും അചഞ്ചലമായ ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും മറികടന്ന് വിജയക്കൊടി പാറിക്കാം എന്നതിൻ്റെ നേർക്കാഴ്ചയാണ് ഈ കലാകാരൻ്റെ ജീവിതം.