കാനഡയിൽ വധശിക്ഷ തിരികെ കൊണ്ടുവരുന്നത് ചർച്ചയാകുന്നു.  ജനപിന്തുണയിൽ ബ്രിട്ടീഷ് കൊളംബിയ മുന്നിൽ

By: 600110 On: Jun 22, 2026, 6:44 AM

കാനഡയിൽ കൊലപാതകക്കേസുകളിൽ ശിക്ഷയായി വധശിക്ഷ വീണ്ടും നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടീഷ് കൊളംബിയ മുന്നിലാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. റിസർച്ച് കോ  നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം കാനഡയിലെ 60 ശതമാനം ആളുകളും വധശിക്ഷ തിരികെ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നു.
2025 ഫെബ്രുവരിയിലെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ വധശിക്ഷയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ ആറ് ശതമാനത്തിൻ്റെ വർദ്ധനവുണ്ടായിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയ, സസ്കാച്ചെവൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ 67 ശതമാനം ആളുകളാണ് വധശിക്ഷയെ പിന്തുണയ്ക്കുന്നത്.  ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം, വധശിക്ഷയെ എതിർക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗം ആളുകളും നിരപരാധികൾ തെറ്റായി ശിക്ഷിക്കപ്പെടുമോ എന്ന് ആശങ്കപ്പെടുന്നു. വധശിക്ഷ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കില്ലെന്നും കോടതി വിധിക്കുന്ന തടവുശിക്ഷയാണ് പ്രതികൾക്ക് നൽകേണ്ടതെന്നും എതിർക്കുന്നവർ വാദിക്കുന്നു. പ്രതികളെ മാനസാന്തരപ്പെടുത്തി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് വെറും 18 ശതമാനം ആളുകൾ മാത്രമാണ് വിശ്വസിക്കുന്നത്.

രാഷ്ട്രീയപരമായി നോക്കുമ്പോൾ, കൺസർവേറ്റീവ് പാർട്ടി വോട്ടർമാരിൽ ഭൂരിഭാഗവും  വധശിക്ഷയെ അനുകൂലിക്കുമ്പോൾ, ലിബറൽ, എൻ.ഡി.പി വോട്ടർമാർ ഇതിനെ എതിർക്കുന്നു. ചരിത്രപരമായി നോക്കിയാൽ, കാനഡയിൽ 1976 ജൂലൈയിലാണ് കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ നിർത്തലാക്കിയത്, തുടർന്ന് 1998-ൽ ഇത് പൂർണ്ണമായും ഒഴിവാക്കി. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ഉൾപ്പെടെയുള്ളവർ വധശിക്ഷയെ അനുകൂലിച്ചിട്ടുണ്ടെങ്കിലും, അത് വീണ്ടും നടപ്പിലാക്കാനുള്ള കൃത്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.