കാനഡയിലെ 'എക്സിറ്റ് ടാക്സ്' നയങ്ങൾക്കെതിരെ പ്രമുഖ എഴുത്തുകാരൻ ഗാഡ് സാദ്; രാജ്യം വിടുമ്പോൾ നേരിടേണ്ടി വരുന്നത് ഭീമമായ നികുതി ബാധ്യത

By: 600110 On: Jun 22, 2026, 6:37 AM

പ്രമുഖ ഇവല്യൂഷനറി സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ ഗാഡ് സാദ്, കാനഡയിലെ ഭീമമായ departure tax  നയങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തി. കാനഡയിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധതയിൽ  പ്രതിഷേധിച്ച് രാജ്യം വിടാൻ ഒരുങ്ങുകയാണ് സാദ്.  രാജ്യം വിടുമ്പോൾ ഒടുക്കേണ്ടി വരുന്ന ഭീമമായ നികുതി ബാധ്യത കഠിനാധ്വാനത്തിലൂടെ നേടിയ പണം മോഷ്ടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു സ്വതന്ത്ര സമൂഹത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഇത്തരമൊരു സാമ്പത്തിക ചൂഷണം നേരിടേണ്ടി വരരുതെന്നും, കാനഡ വിടുന്നവർക്ക് മേൽ ചുമത്തുന്ന ഈ നികുതി കടുത്ത അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മ കാരണം കുടിയൊഴിയാൻ നിർബന്ധിതനാകുന്ന സാഹചര്യത്തിൽ, ഇത്തരം കനത്ത സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സാദ് പറയുന്നു. ഒരു വ്യക്തി കാനഡയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് രാജ്യം വിടുമ്പോൾ, അവർ കൈവശം വച്ചിരിക്കുന്ന ആസ്തികൾ അന്നേ ദിവസം വിറ്റഴിച്ചതായി കണക്കാക്കി ചുമത്തുന്ന നികുതിയാണ് 'ഡിപ്പാർച്ചർ ടാക്സ്' അഥവാ എക്സിറ്റ് ടാക്സ്. യഥാർത്ഥത്തിൽ ആസ്തികൾ വിറ്റിട്ടില്ലെങ്കിൽ പോലും, അവയുടെ വിപണി മൂല്യത്തിലുണ്ടായ വർദ്ധന കണക്കാക്കിയാണ് കനേഡിയൻ റവന്യൂ ഏജൻസി ഈ തുക ഈടാക്കുന്നത്.