കാനഡയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ജനങ്ങൾ കരുതുന്നതിലും ഗുരുതരമെന്ന് റിപ്പോർട്ട്

By: 600110 On: Jun 22, 2026, 6:32 AM

കാനഡയിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണെന്ന പൊതുധാരണ തെറ്റാണെന്നും, യാഥാർത്ഥ്യം ജനങ്ങൾ കരുതുന്നതിലും ഭയാനകമാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. അമേരിക്കയെ അപേക്ഷിച്ച് കാനഡ സുരക്ഷിതമാണെന്ന ധാരണ കുറ്റകൃത്യങ്ങൾ കണക്കാക്കുന്നതിലെ അപാകതകൾ മൂലമാണ് ഉണ്ടാകുന്നതെന്നും ഇത് വ്യക്തമാക്കുന്നു.

സാധാരണയായി രാജ്യങ്ങളിലെ സുരക്ഷ വിലയിരുത്തുന്നത് കൊലപാതക നിരക്ക്  മാത്രം നോക്കിയാണ്.  കാനഡയിൽ 2024-ലെ കൊലപാതക നിരക്ക് ഒരു ലക്ഷം പേർക്ക് 1.91 ആണ്. ഇതിൻ്റെ ഏകദേശം ഇരട്ടിയാണ് അമേരിക്കയിലെ കൊലപാതക നിരക്ക് (ഒരു ലക്ഷത്തിൽ 4 പേർ). എന്നാൽ, ആകെ നടക്കുന്ന അക്രമങ്ങളിൽ കൊലപാതകങ്ങൾ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. അതിനാൽ കൊലപാതകങ്ങളുടെ കണക്ക് മാത്രം നോക്കി ഒരു രാജ്യം എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്താൻ കഴിയില്ല.  ഭൂരിഭാഗം കുറ്റകൃത്യങ്ങളും അക്രമം, കവർച്ച, ലൈംഗിക അതിക്രമം എന്നിവയാണ്. ഇവ പലപ്പോഴും മാധ്യമങ്ങളോ പൊതുസമൂഹമോ വേണ്ടത്ര ചർച്ച ചെയ്യാറില്ല.

പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം മാത്രം നോക്കി ഒരു രാജ്യം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ലെന്ന് റിപ്പോർട്ട് പറയുന്നു. കാനഡയിൽ നടക്കുന്ന അക്രമങ്ങളിൽ 29 ശതമാനം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബാക്കി 71 ശതമാനം കുറ്റകൃത്യങ്ങളും പുറത്തറിയുന്നില്ല. എന്നാൽ അമേരിക്കയിൽ പകുതിയോളം കുറ്റകൃത്യങ്ങളും പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

അമേരിക്കയെ അപേക്ഷിച്ച് കാനഡയിലെ അക്രമ നിരക്ക്  വളരെ കൂടുതലാണ്. അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ കവർച്ച നടക്കാനുള്ള സാധ്യത 268% കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. കാനഡയിലെ വീടുകയറിയുള്ള മോഷണ നിരക്ക് അമേരിക്കയേക്കാൾ 259% കൂടുതലാണ്. ചുരുക്കത്തിൽ, കാനഡയിലെ ജനങ്ങൾ കൊലപാതക ഇരകളാകുന്നതിനേക്കാൾ 366 മടങ്ങ് കൂടുതൽ കവർച്ചയ്ക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്യുക, കർശനമായ ശിക്ഷ ഉറപ്പാക്കുക, നീണ്ട തടവുശിക്ഷ നൽകുക, ഒപ്പം ആക്രമിക്കപ്പെടുന്ന സമയത്ത് ഇരകൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അനുവാദം നൽകുക എന്നിവയിലൂടെ മാത്രമേ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സാധിക്കൂ എന്നും റിപ്പോർട്ടിലുണ്ട്.